കൊവിഡ് 19ന് പിന്നാലെ മങ്കിപോക്സിന്റെ ഭീതിയിലാണ് രാജ്യങ്ങൾ. ഇപ്പോഴിതാ ലോകത്തിലാദ്യമായി ഇറ്റലിയിൽ മങ്കിപോക്സും കൊവിഡും എച്ച്ഐവിയും ഒരേസമയം ഒരാളിൽ സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്നും തിരിച്ചെത്തിയ 36- കാരനിലാണ് മൂന്ന് രോഗാവസ്ഥയും കൂടി ഒന്നിച്ചു വന്നത്. ജേണൽ ഓഫ് ഇൻഫെക്ഷനിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പേരുവെളിപ്പെടുത്താത്ത വ്യക്തി സ്പെയിനിൽ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞു വന്നതിനു പിന്നാലെയാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. പനിയും തലവേദനയും തൊണ്ടവേദനയുമാണ് ഇയാളില്‍ ആദ്യം ഉണ്ടായിരുന്നത്. പിന്നാലെ ശരീരത്തിൽ മങ്കിപോക്സിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തി. പലയിടത്തും ചൊറിച്ചിലും കുമിളകളും ഉണ്ടായി. ഉടനെ യുവാവിനെ ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റുകയായിരുന്നു.
കരളിലും ഇൻഫെക്ഷൻ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വൈകാതെ എച്ച്ഐവി പോസിറ്റീവാണെന്ന റിസൽട്ടും വന്നു. യുവാവ് ഫൈസർ വാക്സിൻ ഇരുഡോസുകളും സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.