വാഴത്തോപ്പ്: ഇടുക്കിയിൽ പതിനാറുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത പ്രതിക്ക് 12 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാഴത്തോപ്പ് സ്വദേശി ജിന്‍റോയാണ് കേസിലെ പ്രതി. ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ഇന്നലെ ശിക്ഷിച്ചത്. പെൺകുട്ടിയുടെ വീടിന് സമീപത്തെ റോഡ് പണിക്ക് ഹിറ്റാച്ചി ഓപ്പറേറ്റർ ആയി എത്തിയതായിരുന്നു ജിന്‍റോ. പെൺകുട്ടി ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.
2016 ൽ ആണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ ഇടുക്കി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. വീട്ടില്‍ കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി ആളില്ലാത്ത നേരം നോക്കി അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ഏഴുവർഷം തടവും, 10000 രൂപ പിഴയുമാണ് ശിക്ഷ. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയതിന് അഞ്ച് വർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ തുക പൂർണമായും ഇരക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ് ഹാജരായി.
മലപ്പുറത്തും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കും കഴിഞ്ഞ ദിവസം തടവ് ശിക്ഷ വിധിച്ചിരുന്നു. പതിമൂന്ന് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പാസ്റ്റർക്കാണ് കോടതി ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്സോ കോടതിയുടേതാണ് വിധി. ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും പ്രാർത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി, പതിമൂന്ന് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്.