കോട്ടയം: തിരുവനന്തപുരം ടെക്നോപാർക്കിൽ നടപ്പാക്കുന്ന ഡൗൺ ടൗൺ പ്രോജക്റ്റിന് പിന്നിൽ വൻ അഴിമതിയെന്ന് ജനപക്ഷം നേതാവ് പി.സിജോർജ്. തണ്ണീർതടങ്ങൾ ഉൾപ്പെടെ 19.73 ഏക്കർ ഭൂമി തരം മാറ്റാൻ കമ്പനിക്ക് അനുമതി നൽകിയത് വെറും 35 ദിവസം കൊണ്ടാണെന്നും ജോർജ് ആരോപിച്ചു. ഇതിലെ കൈക്കൂലിയുടെ വിശദാംശങ്ങൾ ലഭിക്കണമെങ്കിൽ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടുകൾ പരിശോധിക്കണം. ടോറസ് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിന്റർഫെൽ റിയാലിറ്റി കടലാസ് കമ്പനി മാത്രമാണെന്നും പി.സി.ജോർജ് ആരോപിച്ചു. ഇവർക്ക് ആയിരം കോടിയിലധികം വായ്പ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഇഡിക്ക് കൈമാറുമെന്നും പി.സി.ജോർജ് പറഞ്ഞു.
അമേരിക്കൻ റിയൽ എസ്റ്റേറ്റ് കമ്പനിയായ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ് ടെക്നോപാർക്കിൽ നടപ്പിലാക്കുന്ന വൻകിട പദ്ധതിക്കെതിരെയാണ് പി.സി.ജോർജ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. ടോറസ് രാജ്യത്ത് ആദ്യമായി നടത്തുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപമാണ് ടെക്നോപാർക്കിലെ ടോറസ് ഡൗൺ ടൗൺ. ഐടി ഇടം, മാൾ, റസിഡൻഷ്യൽ സമുച്ചയം, ഹോട്ടൽ എന്നിവ ഉൾപ്പെടുന്ന ബൃഹത്തായ പദ്ധതിയാണ് ഇത്. 20 ലക്ഷം ചതുരശ്ര അടിയിൽ ഐടി വിഭിഗാവും 13 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ടോറസ് സെൻട്രം ഷോപ്പിംഗ് മാളും ഒരുക്കാനാണ് നീക്കം.