പനാജി: മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പുളള സൊനാലി ഫോഗട്ടിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗോവയിലെ പബിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നടക്കാൻ ബുദ്ധിമുട്ടുന്ന സൊനാലിയെ ഒരാൾ പിടിച്ചുകൊണ്ട് പബിലെ ടേബിളിൽ എത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഒരു മിനിറ്റിൽ താഴെ മാത്രമുള്ള വിഡിയോയിൽ സൊനാലി ഫോഗട്ട് ചുവപ്പ് നിറത്തിലുള്ള ടോപ്പും നീല ഷോട്സുമാണ് ധരിച്ചിരിക്കുന്നത്. വിഡിയോയിൽ സൊനാലിയെ ടേബിളിനടുത്തേക്ക് എത്തിക്കുന്നത് അവരുടെ സഹായി സുധീർ സാങ്‍വാനാണെന്നാണ് സംശയം. സൊനാലിയുടെ കൊലപാതക കേസിൽ സുധീർ സാങ്‍വാൻ കുറ്റാരോപിതനാണ്. മറ്റൊരു സഹായിയായ സുഖ്‍വീന്ദർ വാസിയും സ്ഥലത്തുണ്ടായിരുന്നു. പുലർച്ചെ 4.27നുള്ള വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
ആഗസ്റ്റ് 22നാണ് സൊനാലി സഹായികൾക്കൊപ്പം ഗോവയിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 23ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം. ഇതിന് പിന്നാലെ സൊനാലിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. ബന്ധുക്കൾ ദൂരുഹത ആരോപിച്ചതിനാൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു.
സൊനാലിയുടെ സഹായികൾക്കെതിരെ സഹോദരൻ റിങ്കു ധാക്കയാണ് പരാതി നൽകിയത്. മരണത്തിനുമുമ്പ് അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവുമായും സൊനാലി ഫോണിൽ സംസാരിച്ചിരുന്നു. ശബ്ദം പതറിയിരുന്നു. സൊനാലിയെ സഹായികൾ മാനഭംഗപ്പെടുത്തിയതായും വിഡിയോ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും റിങ്കു പറയുന്നു.
സഹോദരിയുടെ രാഷ്ട്രീയഭാവി തകർക്കുമെന്ന് സഹായി സുധീർ സാങ്‍വാൻ ഭീഷണിപ്പെടുത്തി. ഫോണും സ്വത്തിന്റെ രേഖകളും എ.ടി.എം കാർഡുകളും കൈയിലാക്കി. സൊനാലിയുടെ ഹരിയാനയിലെ ഫാംഹൗസിലെ സി.സി.ടി.വി കാമറകളും ലാപ്ടോപ്പും മറ്റും മരണത്തിന് ശേഷം മാറ്റിയെന്നും സഹോദരൻ ആരോപിച്ചിരുന്നു.