കൊച്ചി : പെരുമ്പാവൂരിൽ മികച്ച സൗകര്യങ്ങളോട് കൂടിയചിൽഡ്രൻസ് പാർക്ക് ഓണത്തിന് മുൻപ് തുറക്കും. പെരിയാർ വാലി ഇറിഗേഷൻ പദ്ധതിയുടെ പട്ടാലിലുള്ള 27.5 സെന്റ് സ്ഥലത്താണ് ചിൽഡ്രൻസ് പാർക്ക് പുനർനിർമ്മിച്ചത്. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് പുനർനിർമ്മിച്ചത്.
വളരെ മനോഹരമായി ഒരുക്കിയിരിക്കുന്ന പാർക്കിൽ കുട്ടികൾക്കായി ഏഴ് റൈഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പുൽത്തകിടിയും നടപ്പാതയും ഇരിപ്പിടങ്ങളും തണൽ മരങ്ങളും പാർക്കിലുണ്ട്. ഒപ്പം കഫെത്തീരിയയും ശുചിമുറി സംവിധാനവും സെക്യൂരിറ്റിമുറിയും ഒരുക്കിയിട്ടുണ്ട്.
ഐ.പി.ടി.എം.സിയുടെ ( ഇറിഗേഷൻ പ്രോജക്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി ) മേൽനോട്ടത്തിലായിരിക്കും പാർക്കിന്റെ പ്രവർത്തനം. ഐ.പി.ടി.എം.സിയുടെ ചെയർമാൻ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയും, വൈസ് ചെയർപേഴ്‌സൺ കലക്ടർ ഡോ. രേണു രാജും, സെക്രട്ടറി പെരിയാർവാലി എക്സിക്യൂട്ടീവ് എഞ്ചിനീയറും ആണ്. പാർക്കിന്റെ നടത്തിപ്പിനായി ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ഓണത്തിന് മുൻപായി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പാർക്കിന്റെ പ്രവർത്തനം ആരഭിക്കും.രാവിലെ ഒൻപത് മുതൽ വൈകീട്ട് എട്ട് വരെയായിരിക്കും പാർക്ക് പ്രവർത്തിക്കുക. ആലുവ – മൂന്നാർ റോഡിൽ പട്ടാലിന് സമീപമാണ് പാർക്ക് സ്ഥിതിചെയ്യുന്നത്.