ദില്ലി : നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നി നീങ്ങി പിക്കപ്പ് വാൻ ഇടിച്ച് 24 കാരൻ മരിച്ചു. ദില്ലിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ കുക്കായ രാഹുൽ ആണ് മരിച്ചത്. ബിഹാരിപൂർ സ്വദേശിയാണ് രാഹുൽ. നോർത്ത് ദില്ലിയിലെ വസീറാബാദിൽ വച്ചാണ് ഇയാൾക്ക് അപകടമുണ്ടായത്.
വ്യാഴാഴ്ച രാത്രി 11.29നാണ് അപകടത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തെരുവ് നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രാഹുലിന്റെ ബൈക്ക് തെന്നി നീങ്ങുകയും വാൻ ഇടിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാൾ സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നുവെന്ന് നോർത്ത് ദില്ലി ഡെപ്യൂട്ടി കമ്മീഷണർ സാഗർ സിംഗ് കൽസി പറഞ്ഞു.
സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് വാൻ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റാണ് മരണമെന്നും സംഭവ സ്ഥലത്തുനിന്ന് ഹെൽമെറ്റ് കിട്ടിയില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ദില്ലിയിലെ ലീല ഹോട്ടലിൽ ഹെൽപ്പർ കം കുക്ക് ആയാണ് അവിവാഹിതനായ രാഹുൽ ജോലി ചെയ്യുന്നത്. ദീൻ ദയാൽ ഉപാധ്യായ ഹോസ്പിറ്റലിലെ ക്യാന്റീനിലാണ് രാഹുലിന്റെ പിതാവ് ജോലി ചെയ്യുന്നത്.
അതേസമയം ഇന്ന് ഇന്ന് ഓഗസ്റ്റ് 26- ലോക നായ ദിന മായി ആചരിക്കുകയാണ്. മനുഷ്യരോട് അത്രയധികം കൂറും സ്നേഹവും കാണിക്കുന്ന മൃഗമാണ് നായ്ക്കള്‍. വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്. പലരും വിലകൂടിയ വിദേശ ബ്രീഡുകളുടെ പിന്നാലെ പോകുമ്പോൾ തെരുവുനായകളുടെ സംരക്ഷണം കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്.