കോട്ടയം: മുണ്ടക്കയത്ത് ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ മോഷണം. മുണ്ടക്കയം പൈങ്ങനായിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വില്പനശാലയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിൽ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയിൽ ഒരു രൂപ പോലും മോഷ്ടാക്കൾ കവർന്നില്ല. പകരം പതിനൊന്നു കുപ്പി മദ്യമാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ബിവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അകത്തു കടന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
പണമായി ഒരു ലക്ഷം രൂപ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നു. എന്നാൽ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സ്ഥാപനത്തിലെ ജീവനക്കാർ അറിയിച്ചത്. എന്നാൽ 11 കുപ്പി മദ്യം മോഷണം പോയതായും കണക്കെടുപ്പിൽ നിന്നും വ്യക്തമായി. പണമിരുന്ന ഭാഗത്തേക്ക് മോഷ്ടാക്കൾ പോയതായുള്ള സൂചനയൊന്നും ദൃശ്യങ്ങളിൽ ഇല്ല. അതിനാൽ മദ്യം എടുക്കുവാൻ വേണ്ടി മാത്രമാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നതെന്ന അനുമാനത്തിലാണ് പൊലീസ്. പൊലീസിനൊപ്പം, എക്സൈസും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.