കോട്ടയം : ഇസ്രയേലിൽ നാനൂറോളം മലയാളികൾ ചിട്ടിത്തട്ടിപ്പിനിരയായതായി പരാതി. പെർഫെക്ട് കുറീസ് എന്ന പേരിൽ ചിട്ടി നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശിനി ഷൈനി ഷിനിൽ, തൃശൂർ സ്വദേശി ലിജോ ജോർജ് എന്നിവർക്കെതിരെ തട്ടിപ്പിന് ഇരയായവർ ഇസ്രയേലിലും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും മുഖ്യമന്ത്രിക്കും പരാതി നൽകി. 20 കോടിക്കു മുകളിൽ തട്ടിപ്പ് നടത്തിയ ഇവർ മുങ്ങിയെന്നാണു പരാതിക്കാർ പറയുന്നത്.
ഇസ്രയേലിൽ നിയമാനുസൃതമായി ചിട്ടി നടത്താൻ സാധിക്കാത്തതിനാൽ നടത്തിപ്പുകാർ നിർദേശിക്കുന്ന വിവിധ പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളിലേക്കാണു പണം അടച്ചിരുന്നത്. കുറി വീഴുമ്പോൾ വിവിധ അക്കൗണ്ടുകളിൽ നിന്ന് പണം നൽകുകയായിരുന്നു പതിവ്. പണം അടയ്ക്കേണ്ട അക്കൗണ്ട് വിവരം ഓരോ മാസവും വാട്സാപ് സന്ദേശമായി അറിയിക്കും. ആയിരം ഷേക്കൽ (24,000 ഇന്ത്യൻ രൂപ) മുതൽ മുകളിലേക്കു വിഹിതം നിശ്ചയിച്ച് 15 മാസത്തെ കുറിയാണു നടത്തിയിരുന്നത്.