കൊടകര (തൃശൂർ) : കിഴക്കേ കോടാലിയിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശ്വാസം മുട്ടിച്ചപ്പോൾ അബോധാവസ്ഥയിലായ അമ്മയുടെ മരണം ഉറപ്പാക്കാൻ തലയിൽ പാചകവാതക സിലിണ്ടർ എടുത്തിട്ടെന്നും പൊലീസ് പറഞ്ഞു. കിഴക്കേക്കോടാലി ഉപ്പുഴി വീട്ടിൽ ശോഭന (54) ആണു കൊല്ലപ്പെട്ടത്. വിഷ്ണു പറഞ്ഞതു പ്രകാരം വീട്ടിലെത്തിയ പൊലീസ് കൊലപാതകം സ്ഥിരീകരിച്ചു. വിഷ്ണുവിന്റെ (24) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കിഴക്കേ കോടാലി കൊള്ളിക്കുന്നിലെ വാടകവീട്ടിൽ വൈകിട്ട് നാലോടെയാണു സംഭവം. മുരിക്കുങ്ങൽ താളൂപ്പാടത്ത് താമസിച്ചിരുന്ന കുടുംബം വീടും സ്ഥലവും വിറ്റ് കൊള്ളിക്കുന്നിൽ ഒരു മാസം മുൻപാണു താമസമാക്കിയത്. ശോഭനയുടെ രണ്ടാം ഭർത്താവ് ചാത്തുക്കുട്ടി കൂലിപ്പണിക്കു പോയപ്പോഴാണു സംഭവം. ശോഭനയുടെ ഏക മകനാണു വിഷ്ണു. മൂവരും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്.