ന്യൂഡൽഹി : യുക്രെയ്നിലെ യുദ്ധം മൂലം മെഡിക്കൽ വിദ്യാഭ്യാസം ഉപേക്ഷിച്ചു വന്ന വിദ്യാർഥികൾ ഇന്ത്യയിൽ പഠനം തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. ഇതിനനുകൂലമായി പാർലമെന്ററികാര്യ സമിതി ശുപാർശ നൽകിയിരുന്നു. ഇതു നടപ്പാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ജഡ്ജിമാരായ ഹേമന്ത് ഗുപ്ത, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് ഹർജിയിൽ നോട്ടിസയച്ചു. സെപ്റ്റംബർ അഞ്ചിനു മുൻപായി മറുപടി നൽകാനാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവർ ഇന്ത്യയിൽ പഠനയോഗ്യത ഇല്ലാത്തവരാണോയെന്ന ചോദ്യത്തിന് ഹർജിക്കാർ വിശദീകരണം നൽകി. നീറ്റ് യോഗ്യത നേടിയവരാണ് വിദ്യാർഥികളെന്നും അവരെ യോഗ്യതയില്ലാത്തവർ എന്നു പറയുന്നതു ശരിയല്ലെന്നും കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കു വേണ്ടി ഹാജരായ ആർ.ബസന്തും രാഗേന്ദ് ബസന്തും ചൂണ്ടിക്കാട്ടി. സർക്കാർ സീറ്റ് കിട്ടാത്തതും സ്വകാര്യ മെഡിക്കൽ കോളജിലെ ഉയർന്ന ഫീസുമാണ് ഇങ്ങനെ പുറത്തുപോയി പഠിക്കുന്നതിന്റെ കാരണമെന്നും ഹർജിക്കാർ പറഞ്ഞു. യുക്രെയ്നിലേക്ക് അവർക്കു തിരിച്ചുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നും ദേശീയ മെഡിക്കൽ കമ്മിഷന്റെ നിയമത്തിലെ 45–ാം വകുപ്പു പ്രകാരം ഇളവു നൽകാൻ കമ്മിഷനു കഴിയുമെന്നും ആർ.ബസന്ത് അറിയിച്ചു.