സ്ത്രീകൾക്ക് മാത്രമായി ബേക്കറി നിർമാണ യൂനിറ്റുമായി ഇന്ത്യൻ സൈന്യം. അരുണാചൽ പ്രദേശിലാണ് ആദ്യത്തെ ഷോപ്പ്. അരുണാചൽ പ്രദേശിലെ കിബിത്തു ഗ്രാമത്തിലെ ഇന്ത്യൻ സൈന്യം സ്ത്രീകളുടെ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവരെ സ്വയം പര്യാപ്തരാക്കാനും അവർക്ക് പുരുഷന്മാരുമായി തോളോട് തോൾ ചേർന്ന് നിൽക്കാനും വേണ്ടിയാണ് ഷോപ്പ് തുടങ്ങുന്നത് എന്ന് അറിയിച്ചു. അരുണാചൽ പ്രദേശിന്റെ വടക്കുകിഴക്കൻ മേഖലയിലെ ഒരു ചെറിയ ഗ്രാമമാണ് കിബിതു. അവിടെ സ്ത്രീകൾ കൂടുതലും വീട്ടുജോലിക്കാരായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ പുരുഷൻമാർ കുടുംബത്തിന്റെ ഏക വരുമാനമാർഗവുമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ത്രീ ശാക്തീകരണ കാഴ്ചപ്പാടിന് പിന്തുണയുമായാണ് കിബിത്തു ഗ്രാമത്തിലെ സ്ത്രീകൾക്ക് ബേക്കിംഗിൽ തൊഴിൽ പരിശീലനം നൽകാൻ സൈന്യം തുടങ്ങിയത്. കിബിത്തു ഗ്രാമത്തിൽ നിന്നുള്ള ശാന്തി റായ് എന്ന സ്ത്രീ എ.എൻ.ഐയോട് സംസാരിക്കവെ, ഇന്ത്യൻ സൈന്യത്തിന്റെ മുൻകൈയെ അഭിനന്ദിക്കുകയും കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
‘അസീം ഫൗണ്ടേഷന്റെ’ സഹായത്തോടെ സ്ത്രീകൾ ബേക്കറിയിൽ പരിശീലനം നേടും. ”മുമ്പ് ഞങ്ങൾ വീട്ടിൽ താമസിച്ച് പാചകം ചെയ്യാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് ബേക്കറിയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു. ബേക്കറി എങ്ങനെ ഉണ്ടാക്കാമെന്ന് ഞങ്ങൾ പഠിക്കും. ഗ്രാമത്തിലെ മറ്റ് സ്ത്രീകളെ കേക്ക് ഉണ്ടാക്കി പഠിപ്പിക്കുക, അതിലൂടെ അവർക്കും മുന്നോട്ട് വന്ന് ജോലി നേടാനാകും” -കിബിത്തു ബേക്കറി ജീവനക്കാരിയായ അഞ്ജു ദോർജി പറഞ്ഞു.