ബംഗളൂരു: കർണാടക കൊപ്പാലിൽ വ്യത്യസ്ത മതത്തിലുള്ളവർ തമ്മിലെ വിവാഹത്തെ തുടർന്ന് ഹുളിഹൈദർ വില്ലേജിലുണ്ടായ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസുകാർക്ക് സസ്‍പെൻഷൻ. സംഘർഷം നിയന്ത്രിക്കാനായി ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നാല് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.
കനകഗിരി പൊലീസ് സ്റ്റേഷനിലെ ഇൻസ്‍പെക്ടർ പരസപ്പ ഭജാന്ത്രി, എ.എസ്.ഐ മഞ്ജുനാഥ്, കോൺസ്റ്റബിൾമാരായ ഹനുമന്തപ്പ, സംഗപ്പ മേത്തി എന്നിവരെയാണ് സസ്‍പെൻഡ് ചെയ്തത്. കൊപ്പാൽ എസ്.പി അരുണാംക്ഷു ഗിരിയുടെ ഉത്തരവ് പ്രകാരം ഡിവൈ.എസ്.പി രുദ്രേഷ് ഉജ്ജനകൊപ്പയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. സംഘർഷത്തിൽ ഹുളിഹൈദർ വില്ലേജിലെ പാഷാവാലി മുഹമ്മദ് സാബ് (27), യങ്കപ്പ ഷാമപ്പ തലവര (44) എന്നിവർ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തലവർ സമുദായത്തിലെ പെൺകുട്ടിയെ പാഷാവാലി മുഹമ്മദ് സാബ് വിവാഹം കഴിച്ചത് ഗ്രാമത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തലവർ സമുദായത്തിൽ ഇതുസംബന്ധിച്ച നീരസം നിലനിന്നിരുന്നു. അതിനിടെയാണ് പാഷാവാലി മുഹമ്മദ് സാബ് പൂപറിക്കാൻ തലവർ സമുദായക്കാർ താമസിക്കുന്ന ഭാഗത്തേക്കു പോയത്. ഈ സമയം യങ്കപ്പയുടെ നേതൃത്വത്തിൽ പാഷാവാലിയെ ആയുധംകൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ഇതിനു പിന്നാലെ നൂറുകണക്കിന് പേർ യങ്കപ്പയുടെ വീട് ആക്രമിക്കുകയും അദ്ദേഹത്തെ മർദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യങ്കപ്പ ആശുപത്രിയിൽ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ പൊലീസ് പിടികൂടിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് 58 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.