തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍. അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതില്‍ രാഷ്ട്രീയ വിവാദം ഉയര്‍ന്നിരുന്നു. ഓളപ്പരപ്പിലെ ഒളംപിക്സിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. വള്ളങ്ങളെല്ലാം തീവ്രപരിശീലനത്തിലാണ്. ഇതിനിടെയാണ് മുഖ്യാതിഥിയെ ചൊല്ലി വിവാദം ഉയര്‍ന്നത്. കഴിഞ്ഞ 23നാണ് അമിത് ഷായെ ഉദ്ഘാടകനായി ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കുന്നത്. അടുത്തമാസം മൂന്നിനാണ് കോവളത്ത് ഇന്‍റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റിന്‍റെ ദക്ഷിണാമേഖലാ കൗണ്‍സില്‍ യോഗം നടക്കുന്നത്. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കുന്ന ചടങ്ങിനായി അമിത് ഷായും കേരളത്തിലെത്തും. യോഗത്തിന് ശേഷം വള്ളംകളിയില്‍ കൂടി പങ്കെടുക്കണം എന്നായിരുന്നു മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നെഹ്റുവിന‍്റെ പേരിലുള്ള ഒരു മല്‍സരത്തിന്‍റെ ഉദ്ഘാടനത്തിനായി അമിത് ഷായെ ക്ഷണിച്ചതില്‍ പിന്നില് ഗൂഢ താല്‍പ്പര്യങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുറ്റപ്പെടുത്തി. ലാവലിനാണോ സ്വര്‍ണക്കടത്താണോ ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ നെഹ്റുട്രോഫി നിര്വവാഹക സമിതി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എ എ ഷുക്കൂറും പ്രതികരണവുമായി രംഗത്തെത്തി. രണ്ടാഴ്ച മുമ്പ് ചേര്‍ന്ന നിര്‍വാഹകസമിതി യോഗം മുഖ്യമന്ത്രിയെയാണ് മുഖ്യാതിഥിയായി നിശ്ചയിച്ചതെന്നാണ് ഷുക്കൂറിന്‍റെ വെളിപ്പെടുത്തല്‍. ലാവലിന്‍ കേസും അമിത്ഷായ്ക്കുള്ള ക്ഷണവും താരതമ്യം ചെയ്ത് വി ടി ബല്‍റാം ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. സ്വാഭാവികം എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.