എറണാകുളം: വീടുകളിൽ ജോലിക്ക് നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ സ്ത്രീ പിടിയിൽ. ആരക്കുഴ പെരുമ്പല്ലൂർ മാനിക്കൽ വീട്ടിൽ ആശ (41) യാണ് പുത്തൻകുരിശ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കോലഞ്ചേരി സ്വദേശികളായ ചാൾസ്, ബെന്നി എന്നിവരുടെ വീടുകളിൽ നിന്നാണ് സ്വർണ്ണം മോഷ്ടിച്ചത്.
ബെന്നിയുടെ വീട്ടിൽ നിന്ന് ഒമ്പതു പവനും, ചാൾസിന്‍റെ വീട്ടിൽ നിന്നും പതിമൂന്ന് പവനുമാണ് കവർന്നത്. മോഷ്ടിച്ച ആഭരണങ്ങൾ കോലഞ്ചേരിയിലുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വിൽക്കുകയും പണയം വയ്ക്കുകയും ചെയ്തു. സംഭവശേഷം ഒളിവിൽ പോയ ഇവരെ ഇടുക്കി ബൈസൺവാലിയിൽ നിന്നുമാണ് പിടികൂടിയത്.
റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശത്താൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി ജി അജയ് നാഥ്, സബ് ഇൻസ്പെക്ടർമാരായ പി കെ സുരേഷ്, രമേശൻ, കെ സജീവ് എ എസ് ഐമാരായ ജി സജീവ്, മനോജ് കുമാർ, എസ് സി പി ഒമാരായ ജിഷാ മാധവൻ, ബിജി ജോൺ, ചന്ദ്രബോസ്, ദിനിൽ ദാമോധരൻ, അഖിൽ, റിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
അതേസമയം കോഴിക്കോട് വിവാഹ വീട്ടിൽ മോഷണം നടന്നു. വളയത്തിന് സമീപം വാണിമേൽ വെളളളിയോട് നടന്ന മോഷണത്തിൽ 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. വാണിമേൽ നടുവിക്കണ്ടി ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് വെളളിയാഴ്ച രാത്രി മോഷണം നടന്നത് . മകളുടെ വിവാഹത്തിനായി കരുതിയിരുന്ന 30 പവൻ ആഭരണമാണ് കവർച്ച ചെയ്യപ്പെട്ടത്.
കിടപ്പുമുറിയുടെ അലമാരയിലായിരുന്നു ആഭരണങ്ങൾ. വിവാഹത്തലേന്നുളള സൽക്കാരത്തിന് ശേഷം മുറിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അത്യാവശ്യം അയൽക്കാരും ബന്ധുക്കളും മാത്രമേ വെളളിയാഴ്ച നടന്ന സൽക്കാരത്തിനെത്തിയിരുന്നുളളു. രാത്രി ഒൻപതിനും പത്തിനുമിടയിൽ കവർച്ച നടന്നതായാണ് വീട്ടുകാരുടെ സംശയം