പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. തലയിലെ മുടിയിഴകളിൽ, ചെവിക്ക് പിന്നിൽ, പുരികങ്ങളിൽ, മൂക്ക് മടക്കുകളിൽ ഉണ്ടാകുന്ന വരണ്ട, ചർമ്മമായി കാണപ്പെടുന്ന അവസ്ഥയാണിത്. താരൻ തുടക്കത്തിലേ ആവശ്യമായ ശ്രദ്ധ നൽകി ചികിത്സിച്ചില്ലെങ്കിൽ, ഇത് ഒരു സ്ഥിരം പ്രശ്നമായി മാറിയേക്കാമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. ശിരോചർമ്മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടാണ് പലപ്പോഴും താരൻ വർദ്ധിക്കുന്നത്. ഇത് തലയിൽ പൂപ്പൽ വർദ്ധിക്കാനും അതിലൂടെ താരൻ വർദ്ധിക്കുന്നതിനും കാരണമാകുന്നു. സോപ്പിന്റെയും ഷാമ്പൂവിന്റേയും അമിത ഉപയോഗത്തിലൂടെ തലയോട്ടി വരണ്ടതാവാനും ഇത് താരൻ വർദ്ധിക്കാനും കാരണമാകുന്നു. കൃത്രിമ മാർഗ്ഗങ്ങൾ ഉപയോഗിച്ച് താരൻ അകറ്റുന്നത് ദോഷം ചെയ്യും. അതിനാൽ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെ പരീക്ഷിക്കുന്നതാണ് നല്ലത്.
തെെര്…
തെെര് അകറ്റാൻ വീട്ടിലെ തന്നെ ചില ചേരുവകൾ ഉപയോഗപ്രദമാണ്. താരൻ അകറ്റാൻ മികച്ചതാണ് തെെര്. ഇതിലെ അസിഡിറ്റി, കണ്ടീഷനിംഗ് ഗുണങ്ങൾ കൊണ്ട് താരൻ പ്രതിരോധിക്കാൻ സഹായിക്കുന്നു. രണ്ട് ടീസ്പൂൺ തെെര് തലയിൽ പുരട്ടി മസാജ് ചെയ്യുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകുക. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇത് ഇടുക.
മുട്ടയുടെ വെള്ള …
മുട്ടയുടെ വെള്ള മുടികൊഴിച്ചിലും താരനും അകറ്റാൻ സഹായിക്കുന്നു. മുട്ടയുടെ വെള്ള ഹെയർ മാസ്‌ക് ഉപയോഗിക്കുന്നത് തലയോട്ടിയിലെ അധിക എണ്ണകൾ നീക്കം ചെയ്യുകയും മുടിയെ ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെതിരെ പോരാടുകയും ചെയ്യുന്നു. മുട്ടയുടെ വെള്ളയും വെളിച്ചെണ്ണ എന്നിവ ചേർത്ത് തലയിൽ തേച്ചിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
ഉലുവ …
ഉലുവ താരനെ ഇല്ലാതാക്കുക മാത്രമല്ല മുടി വളർച്ചയേയും കാര്യമായി സഹായിക്കുന്നു. ഉലുവയിൽ ഉയർന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ, താരൻ എന്നിവ തടയാനും കഷണ്ടി, മുടി കൊഴിച്ചിൽ തുടങ്ങിയ തലയോട്ടിയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സഹായിക്കുന്നു. ഇതിൽ വലിയ അളവിൽ ലെസിത്തിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ജലാംശം നൽകുകയും വേരുകൾ അല്ലെങ്കിൽ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. രണ്ട് ടീ സ്പൂൺ ഉലുവ രാത്രി വെള്ളത്തിലിട്ടു വെച്ച് കുതിർത്ത ശേഷം നന്നായി അരച്ച് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. ഇത് താരനകറ്റാൻ സഹായിക്കുന്നു.