കൊച്ചി : അനധികൃതമായി ആനക്കൊമ്പുകൾ കൈവശംവച്ചെന്ന കേസ് പിൻവലിക്കാനുള്ള ഹർജി തള്ളിയതിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ. സർക്കാരിന്റെ ഹർജി തള്ളിയ പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെയാണ് മോഹൻലാൽ ഹർജി സമർപ്പിച്ചത്. ഉത്തരവു റദ്ദാക്കണമെന്നും തനിക്കെതിരായ കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നു മോഹൻലാൽ ചൂണ്ടിക്കാട്ടുന്നു. ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ അനുമതി നൽകുന്ന ഓണർഷിപ്പ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു കേസ് പിൻവലിക്കാൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അപേക്ഷ നൽകിയത് എന്നും ഹർജിയിൽ പറയുന്നു.