കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്കകള്‍ പങ്കുവെച്ച് സംസ്ഥാന സര്‍ക്കാറിനേയും വനംവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് താമരശ്ശേരി രൂപതയുടെ ഇടയലേഖനം. താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലാണ് ഇടയലേഖനം ഇറക്കിയിരിക്കുന്നത്. ഈ ഇടയലേഖനം താമരശ്ശേരി രൂപതയുടെ കീഴിലുള്ള കത്തോലിക്ക പള്ളികളില്‍ ഇന്ന് കുര്‍ബ്ബാന മദ്ധ്യേ വായിക്കും. ഗ്രീക്ക് കൊട്ടാരസദസ്സില്‍ നേര്‍ത്ത ഒരു മുടിയില്‍ തൂക്കിയിട്ട് വാളിന്റെ ചുവട്ടിലിരുന്ന ഡെമോക്ലീസിന്റെ അവസ്ഥയാണ് ഇന്ന് ബഫര്‍ സോണിലൂടെ മലയോര കര്‍ഷക ജനത അനുഭവിക്കുന്നതെന്ന് പറഞ്ഞാണ് ഇടയലേഖനം തുടങ്ങുന്നത്.
ബഫര്‍സോണ്‍ വിഷയത്തില്‍ ജനസമൂഹത്തിന്റെ സംരക്ഷണമാണ് ബന്ധപ്പെട്ടവര്‍ ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും വനത്തിനും, വന്യമൃഗങ്ങള്‍ക്കും സര്‍ക്കാര്‍ വക ഉദ്യാനങ്ങള്‍ക്കും സംരക്ഷണം നല്കി സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടം വിറ്റ്, മതിയായ രേഖകളോടെ നമ്മുടെ പിതാമഹന്മാര്‍ വിലകൊടുത്ത് സമ്പാദിച്ച മണ്ണില്‍ നിന്നും നമ്മെ കുടിയിറക്കുവാനുള്ള കുടിലബുദ്ധിയാണ് അതിന്റെ പിന്നിലെന്ന് സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും മനസ്സിലാവുമെന്നും ഇടയലേഖനത്തില്‍ പറയുന്നു.
സമരപരമ്പരകളുടെ ഫലമായി സര്‍ക്കാര്‍ കേവലം ഒരു റിവ്യൂ ഹരജി നല്കുവാന്‍ തയ്യാറായി എങ്കിലും, എന്നും കര്‍ഷകരെ ശത്രു പക്ഷത്ത് നിര്‍ത്തുന്ന വനം വകുപ്പിനെ മാത്രമാണ് ആ ദൗത്യം ഏല്പിച്ചത്. സര്‍ക്കാരിനുവേണ്ടി വനം വകുപ്പ് തയ്യാറാക്കിയ റിവ്യൂ ഹരജി വായിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ തമസ്‌കരിക്കപ്പെട്ടതായി മനസ്സിലാകുന്നത്. സ്ഥിതിവിവര കണക്കുകള്‍ ഇല്ലെന്നു മാത്രമല്ല, കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വായു ദൂരം വരെ ബഫര്‍സോണ്‍ പ്രഖ്യാപിച്ചതില്‍പ്പെട്ടിരിക്കുന്നത്. 1977 ന് മുമ്പ് വനം കയ്യേറിയവരുടെയും 2008-ലെ ആദിവാസികള്‍ക്കു വേണ്ടിയുള്ള നിയമപ്രകാരം ഭൂമി പതിച്ചു കിട്ടിയവരുടെയും ഭൂമി ആണെന്നാണ്. വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ വായു ദൂരത്തുള്ള ബഫര്‍സോണ്‍ പ്രദേശത്ത് കയ്യേറ്റക്കാരും, ആദിവാസികളും, വനഭൂമി കയ്യേറി സ്വന്തമാക്കിയെന്ന മട്ടില്‍ പുനഃപരിശോധനാ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ നല്കിയത് വലിയ അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നുമാണ് ഇടയലേഖനം പറയുന്നത്.
ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം
‘ബഫര്‍സോണ്‍’ എന്ന വാക്ക് ഇന്ന് ചിരപരിചിതമായി കഴിഞ്ഞിരിക്കുന്നു. ഗ്രീക്ക് കൊട്ടാരസദസ്സില്‍ നേര്‍ത്ത ഒരു മുടിയില്‍ തൂക്കിയിട്ട് വാളിന്റെ ചുവട്ടിലിരുന്ന ഡെമോക്ലീസിന്റെ അവസ്ഥയാണ് ഇന്ന് ബഫര്‍ സോണിലൂടെ മലയോര കര്‍ഷക ജനത അനുഭവിക്കുന്നത്. പരിസ്ഥിതി സംവേദക മേഖല അല്ലെങ്കില്‍ സംരക്ഷണ കവചമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ബഫര്‍ സോണിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഇവിടെയുള്ള ജനസമൂഹത്തിന്റെ സംരക്ഷണമാണ് ബന്ധപ്പെട്ടവര്‍ ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും വനത്തിനും, വന്യമൃഗങ്ങള്‍ക്കും സര്‍ക്കാര്‍ വക ഉദ്യാനങ്ങള്‍ക്കും സംരക്ഷണം നല്കി, അനേകം ദശകങ്ങള്‍ക്കു മുമ്പ് തന്നെ സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടം വിറ്റ്, മതിയായ രേഖകളോടെ നമ്മുടെ പിതാമഹന്മാര്‍ വിലകൊടുത്ത് സമ്പാദിച്ച മണ്ണില്‍ നിന്നും നമ്മെ കുടിയിറക്കുവാനുള്ള കുടിലബുദ്ധിയാണ് അതിന്റെ പിന്നിലെന്ന് സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും മനസ്സിലാവും.
ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട സര്‍ക്കാരും, സര്‍ക്കാര്‍ സംവിധാനങ്ങളും നല്ലൊരു ശതമാനം ജനപ്രതിനിധികളും മലയോര കര്‍ഷകരുടെ രക്ഷയ്ക്ക് എത്തുന്നില്ലായെന്നത് ഖേദകരമാണ്. പ്രകൃതിദുരന്തങ്ങളും, വന്യമൃഗ ശല്യങ്ങളും പരിസ്ഥിതിയുടെ പേരിലുള്ള കരിനിയമങ്ങളും കൊണ്ട് ജീവിതം ദുസ്സഹമായിത്തീര്‍ന്നിരിക്കുന്ന മലയോര ജനതയുടെ വേദന ഇന്നാട്ടിലെ മനുഷ്യസ്‌നേഹികളുടെ വേദനയാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ബഫര്‍സോണ്‍ സംബന്ധിച്ച് 2022 ജൂണ്‍ 3-ലെ സുപ്രീം കോടതി വിധി, സംസ്ഥാന സര്‍ക്കാരിനോട് ബഫര്‍സോണ്‍ മേഖലയിലെ ഉപജീവന നിര്‍മ്മിതികള്‍ അടക്കമുള്ള എല്ലാ സ്ഥിതി വിവരക്കണക്കുകളുടെയും വിശദാംശങ്ങള്‍ ആവശ്യമായ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ തയ്യാറാക്കി ലിസ്റ്റ് ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ സുപ്രീം കോടതിക്കു മുമ്പാകെ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. അതോടൊപ്പം ബഫര്‍ സോണിന്റെ ദൂരപരിധി കുറയ്ക്കാന്‍ മതിയായ പൊതുജനതാത്പര്യം മുന്‍നിര്‍ത്തി രേഖകള്‍ സഹിതം സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തേയും സമീപിച്ച് അവരുടെ ശുപാര്‍ശകളോടെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയാല്‍ കോടതി അത് പരിഗണിക്കുന്നതാണെന്നും വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്.
അതിനാല്‍ നാം ഒരുമിച്ചു നടത്തിയ സമരപരമ്പരകളുടെ ഫലമായി സര്‍ക്കാര്‍ കേവലം ഒരു റിവ്യൂ ഹരജി നല്കുവാന്‍ തയ്യാറായി എങ്കിലും, എന്നും കര്‍ഷകരെ ശത്രു പക്ഷത്ത് നിര്‍ത്തുന്ന വനം വകുപ്പിനെ മാത്രമാണ് ആ ദൗത്യം ഏല്പിച്ചത്. സര്‍ക്കാരിനുവേണ്ടി വനം വകുപ്പ് തയ്യാറാക്കിയ റിവ്യൂ ഹരജി വായിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ തമസ്‌കരിക്കപ്പെട്ടതായി മനസ്സിലാകുന്നത്. അതായത്, സ്ഥിതിവിവര കണക്കുകള്‍ ഇല്ലെന്നു മാത്രമല്ല, കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വായു ദൂരം വരെ ബഫര്‍സോണ്‍ പ്രഖ്യാപിച്ചതില്‍പ്പെട്ടിരിക്കുന്നത്. 1977 ന് മുമ്പ് വനം കയ്യേറിയവരുടെയും 2008-ലെ ആദിവാസികള്‍ക്കു വേണ്ടിയുള്ള നിയമപ്രകാരം (Scheduled Tribes and other Traditional Forest Dwellers Act 2006) ഭൂമി പതിച്ചു കിട്ടിയവരുടെയും ഭൂമി ആണെന്നാണ്. ഹര്‍ജിയിലെ 10-ാമത്തെയും 15-ാമത്തെയും ഖണ്ഡികയിലാണ് ഇപ്രകാരമുള്ള ഭൂമിയാണ് ബഫര്‍ സോണില്‍പ്പെട്ടിരിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ വായു ദൂരത്തുള്ള ബഫര്‍സോണ്‍ പ്രദേശത്ത് കയ്യേറ്റക്കാരും, ആദിവാസികളും, വനഭൂമി കയ്യേറി സ്വന്തമാക്കിയെന്ന മട്ടില്‍ പുനഃപരിശോധനാ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ നല്കിയത് വലിയ അപകടം ക്ഷണിച്ചു വരുത്തുന്നതാണ്. സാധാരണക്കാരുടെ കൃഷിഭൂമിയെപ്പറ്റിയും ഉപജീവന മാര്‍ഗ്ഗത്തെപ്പറ്റിയും റിവ്യൂ പെറ്റീഷന്‍ മൗനം അവലംബിക്കുന്നുവെന്നു മാത്രമല്ല, ഈ പ്രദേശത്തുള്ള യാതൊരുവിധ സ്ഥിതി വിവരക്കണക്കുകളും റിവ്യൂ പെറ്റീഷനില്‍ കാണുന്നില്ലായെന്നുള്ളത് ആശങ്ക ജനിപ്പിക്കുന്നതാണ്.
ഇപ്രകാരം ബഫര്‍ സോണുകളില്‍ വരുന്ന ഭൂമി, കയ്യേറ്റക്കാരുടെയും ആദിവാസികളുടെയും മാത്രമാണ് എന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ മുമ്പില്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ ജനങ്ങളുടെ പക്ഷത്തു നിന്നല്ല, മറിച്ച് കപട പരിസ്ഥിതി വാദികളുടെ ഭാഗത്തുനിന്നാണ് ചിന്തിക്കുന്നത് എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. കേരളത്തിലെ വനംവകുപ്പിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സുപ്രീം കോടതി അവശ്യപ്പെട്ടിരിക്കുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ചേ മതിയാകൂ. അതില്ലാത്ത ഒരു റിവ്യൂ ഹര്‍ജിയും പരമോന്നത കോടതിയില്‍ നിലനില്ക്കുകയില്ല എന്ന വസ്തുത ഇവിടുത്തെ കര്‍ഷക ജനത മനസ്സിലാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, കാന്തലോട്, ചക്കിട്ടപാറ, ചെമ്പനോട, പേരാമ്പ്, ചങ്ങരോത്ത് എന്നീ വില്ലേജുകള്‍ ESZ (ബഫര്‍ സോണ്‍) ലും, കാവിലുംപാറ, ചക്കിട്ടപാറ, തിനൂര്‍, ചെമ്പനോട, കെടവൂര്‍, പുതുപ്പാടി, നെല്ലിപ്പൊയില്‍, കോടഞ്ചേരി, തിരുവമ്പാടി എന്നീ വില്ലേജുകള്‍ ESA (പരിസ്ഥിതി സംവേദക ഏരിയ) പരിധിയില്‍ വരുന്നുണ്ട്. മലപ്പുറം ജില്ലയിലെ ചുങ്കത്തറ, അകമ്പാടം, കരുളായി, ചോക്കാട്, കാളികാവ്, കരുവാരകുണ്ട്. കുറുമ്പളങ്ങാട്, വാളിക്കടവ്, അമരമ്പലം, കേരള എസ്റ്റേറ്റ് എന്നീ വില്ലേജുകളും ESA (പരിസ്ഥിതി സംവേദക ഏരിയ) പ്രശ്‌നം നിലനില്ക്കുന്ന വില്ലേജുകളാണ്.
ഈ സ്ഥലങ്ങളിലെ മലയോര ജനതയെ ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചും ഒരു ഭരണത്തിനും ഇവിടെ നിലനില്പില്ലായെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ മനസ്സിലാകും വരെ സംഘടിതമായി ഇതിനെതിരെ നിലയുറപ്പിക്കുവാന്‍ കര്‍ഷകജനത മുന്നോട്ടുവരും.
ജീവിതത്തില്‍ വലിയ ആഗ്രഹങ്ങള്‍ ഒന്നുമില്ലാതെ പൊതുസമൂഹത്തിന് മുഴുവന്‍ അന്നം നല്കാന്‍ കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി സംസാരിക്കുവാനും പ്രവര്‍ത്തിക്കുവാനും നിലകൊള്ളുവാനും നാം ഒറ്റക്കെട്ടായി നിന്നേ മതിയാവൂ. കര്‍ഷകന്റെ ജീവിതത്തെ എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എന്ന രീതിയില്‍ കബളിപ്പിക്കുന്ന സംവിധാനങ്ങള്‍ക്കെതിരെ നാം സംഘടിച്ചേ മതിയാകൂ.
2022 ജൂലൈ 31 ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഇക്കാര്യത്തിലുള്ള സഭയുടെ ആശങ്ക പ്രകടമാക്കുകയും കേരളത്തിലെ 61 ലധികം വരുന്ന കര്‍ഷക സംഘടനകളുടെ ഒരു പൊതുകൂട്ടായ്മ (കേരള കര്‍ഷക അതിജീവന സംയുക്ത സമിതി – KKASS) രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ജാതി, മത, രാഷ്ട്രീയ വേര്‍തിരിവില്ലാതെ രൂപീകരിച്ച ഈ സംഘടനാ സംവിധാനം നമ്മുടെ എല്ലാ ഇടവകകളിലും രൂപീകരിക്കുവാന്‍ വികാരിയച്ചന്മാരോടൊപ്പം നിങ്ങളും മുന്‍കൈയെടുക്കണം.
പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ വിളിച്ചുകൂട്ടി വീടുകളുടെയും സ്ഥലങ്ങളുടെയും കൃഷിയിടങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്ഥിതിവിവര കണക്കുകള്‍ പഞ്ചായത്തില്‍ നിന്നുള്ള ഔദ്യേഗിക രേഖകളുടെ പിന്‍ബലത്തോടെ ഈ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശേഖരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഈ കണക്കുകള്‍ അടിസ്ഥാനമാക്കി ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും പ്രമേയങ്ങള്‍ പാസാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും, സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയ്ക്കും, സുപ്രീം കോടതിയ്ക്കും അയച്ചുകൊടുക്കണം. അതോടൊപ്പം ഞായറാഴ്ച ഇടവകകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ക്രമീകരിച്ച് പരാതികള്‍ അയയ്ക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണം.
നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കും വരെയും നിതാന്ത ജാഗ്രതയോടെ നമുക്ക് വ്യാപരിക്കാം. നിയമത്തിന്റെ വഴിയിലൂടെയും, സംഘടിച്ചും ജീവിക്കുവാനുള്ള നമ്മുടെയും വരും തലമുറയുടെയും അവകാശത്തിനുവേണ്ടി ധീരതയോടെ നമുക്ക് നിലകൊള്ളാം. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രതീകമായ മഹാനായ ഡോ. അംബേദ്ക്കറുടെ ആപ്തവാക്യം നമുക്കോര്‍ക്കാം: ”സംഘടിക്കുക, പ്രബുദ്ധരാകുക, പോരാടുക. പൊതുസമൂഹത്തിന്റെ വിശിഷ്യ കര്‍ഷകരുടെയും അവഗണിക്കപ്പെട്ടവരുടെയും ഒപ്പം നിന്നുകൊണ്ട് നമുക്ക് മുന്നേറാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
താമരശ്ശേരി രൂപതാ മെത്രാന്‍