തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവം നടക്കുമ്പോൾ ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ആയിരുന്നു അദ്ദേഹം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി 24 മണിക്കൂറിനകമാണ് ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്നും സിപിഎം ആരോപിച്ചു.
ഇതിനിടെ, തിരുവനന്തപുരം വട്ടിയൂർക്കാവ് മേലേത്തുമലയിൽ സിപിഎമ്മിന്റെ കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് കൊടിമരങ്ങൾ നശിപ്പിച്ചിരിക്കുന്നത്.