നോയിഡ: നോയിഡയില്‍ സൂപ്പര്‍ടെക്കിന്‍റെ ഇരട്ട ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. ദശാബ്ദക്കാലത്തോളം നീണ്ട നിയമ യുദ്ധത്തിന് ഒടുവിൽ ഇരട്ടക്കെട്ടിടം തകര്‍ത്തത്. സൂപ്പര്‍ ടെക്ക് കമ്പനി നിര്‍മ്മിച്ച ഇരട്ട ഫ്ളാറ്റ് സമുച്ചയമാണ് പൊളിച്ചു കളഞ്ഞത്. 55000 മുതൽ 80000 ടൺ കോൺക്രീറ്റ് മാലിന്യമാണ് സ്ഫോടനത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്. നാല് മാസം കൊണ്ട് ഈ കോണ്‍ക്രീറ്റ് മാലിന്യം പൂര്‍ണമായി നീക്കാനാവും എന്ന കമ്പനി പറയുന്നത്.
കിയാന്‍, അപെക്സ് കെട്ടിടങ്ങളില്‍ സ്ഫോടകവസ്തുകള്‍ നിറച്ചതോടെ വലിയ സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നത്. മരടിലെ കെട്ടിട്ടങ്ങൾ തകര്‍ത്ത് പേരെടുത്ത എഡിഫൈസ്, ജെറ്റ് കന്പനികള്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രത സ്ഫോടനത്തിലൂടെ നോയിഡയിലെ കെട്ടിടവും തകര്‍ത്തത്.
32 നിലയുള്ല അപെക്സ്, 29 നിലയുള്ള കിയാന്‍ എന്നീ കെട്ടിടങ്ങള്‍ ചേർന്നതാണ് സൂപ്പര്‍ ടെക്കിന്‍റെ ഇരട്ട കെട്ടിടം. നാല്‍പ്പത് നില ഉദ്ദേശിച്ച് പണിതുയര്‍ത്തവെയാണ് കോടതിയുടെ പിടി വീണ് കെട്ടിടം പൊളിക്കേണ്ടി വന്നത്. 9400 ദ്വാരങ്ങള്‍ രണ്ട് കെട്ടിടങ്ങളിലുമായി ഉണ്ടാക്കി അതില്‍ 3700 കിലോഗ്രാം സ്ഫോടകവസ്തു നിറച്ചാണ് ഈ നിയന്ത്രിത സ്ഫോടനം നടത്തിയത്. 20,000 കണക്ഷനുകള്‍ രണ്ട് കെട്ടിടങ്ങളുമായി ഉണ്ടാക്കിയാണ് സ്ഫോടനം. സ്ഫോടക വസ്തുക്കൾ നേരത്തെ നിറച്ചെങ്കിലും അവ ഡിറ്റോണേറ്റുമായി ഘടിപ്പിച്ചത് ഇന്നാണ്.
കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി വലിയ സുരക്ഷയാണ് ഒരുക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടനത്തിനായി ഏകദേശം ഇരുപത് കോടി രൂപയോളം ചെലവാകും. തിരക്കേറിയ ജനവാസ മേഖലയിലാണ് ഫ്ളാറ്റ് എന്നിതനാൽ പൊളിക്കല്‍ നടപടിയില്‍ ഒരു പിഴവും ഉണ്ടാകാന്‍ പാടില്ലായിരുന്നു. എന്തായാലും വിജയകരമായി ആ ദൗത്യം പൂര്‍ത്തിയാക്കാൻ കമ്പനികൾക്ക് സാധിച്ചു. സ്ഫോടനത്തിന് മുന്നോടിയായി അയ്യായിരത്തോളം പേരോട് രാവിലെ ഏഴ് മണിക്ക് ഉള്ളില്‍ പ്രദേശത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടിരുന്നു. 1200 വാഹനങ്ങള്‍ മേഖലയില്‍ നിന്ന് മാറ്റുകയും ചെയ്തു. നോയിഡ – ഗ്രെയിറ്റർ നോയിഡ് എക്സ്പ്രസ് വേ ഈ സമയം അടച്ചിട്ടു.
സൂപ്പർടെക്കിന്‍റെ തന്നെ മറ്റൊരു ഫ്ലാറ്റിലെ താമസക്കാരാണ് കന്പനിക്കെതിരെ പോരാട്ടം നടത്തിയത് എന്നതാണ് കൗതുകകരം. വാഗ്ദാന ലംഘനത്തെ ചൊല്ലി ആരംഭിച്ച നിയമയുദ്ധം ഒടുവില്‍ കന്പനിയുടെ വൻ നിയമലംഘനം വെളിച്ചെത്തിക്കുകയായിരുന്നു
രണ്ടായിരം പകുതയിലാണ് സൂപ്പർടെക്ക് കമ്പനി എമറാള്‍ഡ് കോര്‍ട്ടെന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണം തുടങ്ങുന്നത്. നോയിഡ -ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലെ കണ്ണായ സ്ഥലത്തായിരുന്നു പദ്ധതി. നല്ല വെട്ടവും വെളിച്ചവും മുന്‍പില്‍ പൂന്തോട്ടവും ഉണ്ടെന്ന് വാഗ്ദാനം നല്‍കി ആളുകളെ ഫ്ലാറ്റിലേക്ക് ആകർഷിച്ചു. എന്നാല്‍ 2009 ല്‍ കഥ മാറി . നല്ല ലാഭമുള്ള ഫ്ലാറ്റ് ബിസിനസ് തഴച്ചുവളരുന്നത് കണ്ട് വീണ്ടും ഫ്ലാറ്റ് സമുച്ചയും കെട്ടിപ്പൊക്കാൻ സൂപ്പര്‍ടെക് തീരുമാനിച്ചു. എമറാള്‍ഡ് കോർട്ടിലുള്ളവര്‍ കണ്ടത് പൂന്തോട്ടം വാഗ്ദാനം ചെയ്തിടത്ത് ഉയരുന്ന നാല്‍പ്പ് നിലയുള്ള രണ്ട് കെട്ടിടങ്ങള്‍. ഇതിനെതിരെ ആദ്യത്തെ ഫ്ലാറ്റിലെ താമസക്കാര്‍ മെല്ലെ മെല്ലെ എതിര്‍പ്പുയർത്തി.
എന്നാല്‍ 2012 ല്‍ നോയിഡ അതോറിറ്റിയുടെ അനുമതി കെട്ടിടനിര്‍മ്മാണത്തിന് ലഭിച്ചതോടെ കമ്പനിയുടെ ആത്മവിശ്വാസം ഇരട്ടടവർ കണക്കെ മാനം മുട്ടി. വിട്ടു കൊടുക്കാന്‍ എമറാള്‍ഡ് കോര്‍ട്ടിലെ താമസക്കാർ തയ്യാറായിരുന്നില്ല. മുൻ സൈനികനായ ഉദയ്ഭാന്‍ സിങ് തെവാത്തിയ അടക്കമുള്ളവർ ആയിരുന്നു മുന്നില്‍. ആദ്യ ഫ്ളാറ്റിലെ താമസക്കാര്‍ നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അലഹബാദ് ഹൈക്കോടതി ഇരട്ട കെട്ടിടം പൊളിക്കണമെന്ന് വിധി പറഞ്ഞു. അതേ വരെ പണവും അധികാരബലവും രക്ഷിക്കുമെന്നാണ് സൂപ്പര്‍ടെക് കരുതിയത്.
2014 ലാണ് ഇരട്ടകെട്ടിടം പൊളിക്കാന്‍ കോടതി ഉത്തരവിട്ടത് . വൈകാതെ കേസ് സുപ്രീംകോടതിയിലും എത്തി. ഏഴ് വർഷം നീണ്ട വാദ പ്രതിവാദം . ഒടുവില്‍ കഴിഞ്ഞ വർഷം അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരി വച്ചു. കാറുകളില്‍ കോടികളുമായി ദിനേന എംഎല്‍എമാര്‍ അറസ്റ്റിലാകുന്ന കാലത്ത് വാഗ്ദാനങ്ങളുണ്ടായില്ലേ എന്ന് ചോദിച്ചാല്‍ നിയമപോരാട്ടത്തിന് മുന്നിൽ നിന്ന തെവാത്തിയ ചിരിക്കും
ഒരു പാട് അധ്വാനവും മനസ്സാന്നിധ്യവും ഇതിനു വേണമായിരുന്നു ഈ പോരാട്ടത്തിന് വേണമായിരുന്നു. ഒരുപാട് പേരോട് നന്ദിയുണ്ട്. അനീതി നടക്കുമ്പോൾ ഭയക്കാതെ പോരാടണമെന്ന് നിശ്ചയിച്ചിരുന്നു. കൂടുതലൊന്നും പറയുന്നില്ല.അവർക്ക് കഴിയാവുന്നതൊക്കെ അവർ ചെയ്തു. പക്ഷേ നീതി ഞങ്ങൾക്ക് കിട്ടി – ഫ്ളാറ്റുടമകളുടെ നിയമപോരാട്ടത്തിൽ മുന്നിൽ നിന്ന ഉദയ്ഭാന സിങ് തെവാത്തിയ പറയുന്നു
പൊളിക്കലില്‍ നിന്ന് രക്ഷനേടാൻ ഇരട്ട കെട്ടിടം ആശുപത്രിയാക്കാൻ നിര്‍ദേശിക്കണമെന്ന ആവശ്യം മറ്റൊരു വഴി സുപ്രീംകോടതിയില്‍ എത്തുകയുണ്ടായി എന്നാല്‍ ഹർജിക്കാരന് അഞ്ച് ലക്ഷം പിഴയിട്ടാണ് കേസിലെ നിലപാട് കോടതി അരക്കിട്ട് ഉറപ്പിച്ചത് . അങ്ങനെ ഒരു ദശാബ്ദക്കാലത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ നിയമത്തിൻ്റെ കവണക്കടിയേറ്റ് ഒരു ഗോലിയാത്ത് കൂടി നിലപതിച്ചത്.