തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരി മികച്ച സഖാവെന്ന് സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം പോലും നോക്കാതെ തൃക്കാക്കരയിൽ കോടിയേരി സജീവമായി. അദ്ദേഹത്തിന്‍റെ ആരോഗ്യം ആണ് ഇപ്പോൾ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാരോഗ്യം മൂലമാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.
മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്രറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ യെച്ചൂരിയും പിണറായിയും എം എ ബേബിയും കോടിയേരിയെ വീട്ടിലെത്തി കണ്ട് അവധി പോരെ എന്ന് ചോദിച്ചു. സർക്കാർ വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ സ്ഥിരം സെക്രട്ടറി തന്നെയാണ് വേണ്ടതെന്ന നിലപാടിൽ കോടിയേരി ഉറച്ചുനിന്നു. ഇതോടെയാണ് മാറ്റത്തിനുള്ള പാർട്ടി തീരുമാനം.