തിരുവനന്തപുരം : കെ എസ് ആർ ടി സി പ്രതിസന്ധിയിൽ ഇന്ന് വീണ്ടും മുഖ്യമന്ത്രിയുമായി ചർച്ച. ഗതാഗത മന്ത്രിയും കെ എസ് ആർ ടി സി, സി എം ഡിയുംമുഖ്യമന്ത്രിയെ കാണും. സെപ്റ്റംബർ 1ന് മുന്പ് രണ്ട് മാസത്തെ ശന്പള കുടിശികയും ഓണം ഉത്സവബത്തയും നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും.
ശന്പളം നൽകാൻ 103 കോടി അടിയന്തരമായി അനുവദിക്കണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ശമ്പളം നൽകും മുന്പ് ഡ്യൂട്ടി പരിഷ്കരണം, യൂണിയൻ ട്രാൻസ്ഫർ പ്രൊട്ടക്ഷൻ എന്നിവയിൽ തൊഴിലാളികളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും മാനേജ്മെന്‍റും. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രി തന്നെ തൊഴിലാളി നേതാക്കളുമായി ചർച്ച നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനിടെ മുടങ്ങിക്കിടന്ന കെ എസ് ആർ ടി സി പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും.
അതേ സമയം, കെഎസ്ആർടിസിയിൽ ഓണത്തിന് മുമ്പ് ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവിൽ അപ്പീൽ സാധ്യത തേടുകയാണ് സംസ്ഥാന സർക്കാർ. നിയമ വശങ്ങൾ പരിശോധിക്കാൻ ധനവകുപ്പ് നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത് രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും നൽകണമെന്നാണ് കോടതിയുടെ നിർദേശം. ഇതിനായി സർക്കാർ അഞ്ച് ദിവസത്തിനകം 103 കോടി രൂപ നൽകണം. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർടിസിക്കും സർക്കാരിനും വലിയ ആശയക്കുഴപ്പമാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടാക്കിയത്.
ഒരു മാസം ശമ്പളം നൽകാൻ മാത്രം വേണ്ടത് 80 കോടി രൂപയാണെന്നിരിക്കെ രണ്ട് മാസത്തെ ശമ്പളവും ബത്തയും നൽകാൻ പണം എങ്ങിനെ കണ്ടെത്തും എന്നുള്ളതാണ് പ്രശ്നം. ഡ്യൂട്ടി പരിഷ്കരണത്തിലും ട്രാൻസ്ഫർ പ്രൊട്ടക്ഷനിലും സർക്കാരിന് വഴങ്ങിയാൽ 250 കോടി രൂപയുടെ ഒരു പക്കേജ് ചർച്ചകളിലുണ്ട്. അങ്ങിനെ നൽകാൻ ഉദ്ദേശിക്കുന്ന പണത്തിലെ ആദ്യഘ ഗഡു സർക്കാരിൽ നിന്ന് വാങ്ങിയെടുക്കാനാണ് ആലോചന. എന്നാൽ യൂണിയനുകൾ ഡ്യൂട്ടി പരിഷ്കാരത്തിന് വഴങ്ങിയിട്ടില്ല.
ബജറ്റിന് പുറത്ത് സ്ഥിരമായി വലിയ തുക ഒരു സ്ഥാപനത്തിന് നൽകുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നാണ് ധന വകുപ്പിൻ്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്. ഇതിനായി മുൻകൈ എടുക്കേണ്ടത് കെഎസ്ആർടിസി മാനേജ്മെന്റാണെന്നാണ് സർക്കാർ നിലപാട്. ഏതായാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിയമ സാധ്യതകൾ മനസ്സിലാക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു.
സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടിയാണ് പെന്‍ഷൻ വിതരണ പ്രതിസന്ധി പരിഹരിച്ചത്. ജൂണ്‍ 30 ന് അവസാനിച്ച കരാർ അടുത്ത വർഷം ജൂൺ വരെ പുതുക്കി ഒപ്പിടാത്തതിനാൽ രണ്ടുമാസത്തെ പെൻഷൻ മുടങ്ങിയിരുന്നു. പലിശയെച്ചൊല്ലിയുള്ള തർക്കമായിരുന്നു കരാർ വൈകാൻ കാരണം. സഹകരണ കൺസോഷ്യത്തിന് നൽകുന്ന പലിശ 8% ആക്കി കുറച്ചു. സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സഹകരണ മന്ത്രി വിഎൻ വാസവൻ അറിയിച്ചു.