ഇസ്‍ലാമാബാദ്: പാർട്ടി റാലിക്കിടെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതിന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കോടതിയലക്ഷ്യത്തിന് ഇസ്‍ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള അഞ്ചംഗ ബെഞ്ച് വിചാരണ ചെയ്യും. നേരത്തേ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് പാർട്ടി അധ്യക്ഷനായ ഇമ്രാന് കോടതി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. 31നു നേരിട്ടു ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി സേബ ചൗധരിയെയാണ് ഇമ്രാൻ ഭീഷണിപ്പെടുത്തിയത്. ഇമ്രാന്റെ അടുത്ത അനുയായി ഷഹബാസ് ഗില്ലിനെ 2 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടതായിരുന്നു പ്രകോപനം. രാജ്യദ്രോഹക്കുറ്റത്തിനാണ് ഗിൽ അറസ്റ്റിലായത്.ഇതേസമയം, എത്ര കടുത്ത അടിച്ചമർത്തലുണ്ടായാലും ‘യഥാർഥ സ്വാതന്ത്ര്യത്തിനായി’ തന്റെ പാർട്ടി പ്രക്ഷോഭം തുടരുമെന്ന് ഇമ്രാൻ പറഞ്ഞു. 30 വർഷമായി രാജ്യത്തെ കൊള്ളയടിക്കുന്നവർക്കെതിരെയാണു തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.