കഴിഞ്ഞദിവസം യുഎസിലെ അരിസോണയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു വാർത്ത അതീവ ഹൃദയഭേദകം എന്നുതന്നെ പറയേണ്ടിവരും. മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയാണ് ബോർഡർ പട്രോൾ സംഘം കണ്ടെത്തിയത്. കുഞ്ഞുങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ആ സംഭവം ഇങ്ങനെയാണ്.
അരിസോണയിലെ സോനാരം മരുഭൂമിയിൽ പതിവ് പട്രോളിങ്ങിന് ഇറങ്ങിയതായിരുന്നു ബോർഡർ പട്രോൾ ഏജൻസ്. പട്രോളിങ്ങിനിടെയാണ് അരിസോണ ഓർഗൺ പൈപ്പ്സ് കാക്റ്റസ് സ്മാരകത്തിന് അടുത്തു നിന്നും ഒരു ചെറിയ കുട്ടിയുടെ കരച്ചിൽ അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ സംഘാംഗങ്ങൾ അവിടെ പരിശോധന നടത്തി. അപ്പോഴാണ് തീർത്തും ഹൃദയഭേദകമായ ആ കാഴ്ച അവർ കാണുന്നത്.
മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ. 18 മാസവും നാലുമാസവും മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ ആയിരുന്നു അത്. 18 മാസം പ്രായം ഉണ്ടായിരുന്ന കുഞ്ഞാണ് നിർത്താതെ മരുഭൂമിയിൽ കരഞ്ഞുകൊണ്ടിരുന്നത്. ആ കുഞ്ഞിൻറെ കരച്ചിലാണ് പട്രോളിങ്ങ് സംഘം കേട്ടതും. എന്നാൽ, നാലുമാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന്റെ തല മണലിൽ അമർന്ന നിലയിലായിരുന്നു. പട്രോളിങ് സംഘം കണ്ടെത്തുമ്പോൾ കുഞ്ഞ് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഉടൻതന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി കുഞ്ഞുങ്ങളെ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നൽകിയതിനു ശേഷം കുഞ്ഞുങ്ങൾ ഇപ്പോൾ ബോർഡർ സംഘത്തിൻറെ സംരക്ഷണയിലാണ്. കുട്ടികളെ കുറിച്ചുള്ള അവരുടെ ലിംഗഭേദം, അവർ ഏത് രാജ്യത്തു നിന്നാണ് വന്നത്, അവരുടെ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ ഐഡന്റിറ്റി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.
കള്ളക്കടത്ത് സംഘമാണ് കുട്ടികളെ ഇവിടെ ഉപേക്ഷിച്ചത് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. കള്ളക്കടത്തുകാർ കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്നതിന്റെ ഏറ്റവും ക്രൂരമായ ഉദാഹരണമാണ് ഇതൊന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.
ഓർഗൻ പൈപ്പ് കാക്റ്റസ് നാഷണൽ മോണ്യുമെന്റ്, തെക്ക് പടിഞ്ഞാറൻ അരിസോണയിലെ മെക്സിക്കൻ അതിർത്തിയിൽ നീണ്ടുകിടക്കുന്നു. ഉയർന്ന കള്ളിമുൾച്ചെടികളും മറ്റ് മരുഭൂമി സസ്യജാലങ്ങളും നിറഞ്ഞ കഠിനവും വരണ്ടതുമായ ഭൂപ്രകൃതിയാണ് ഇവിടുത്തേത്. ഇത് ഫീനിക്സിൽ നിന്ന് ഏകദേശം 130 മൈൽ (209 കിലോമീറ്റർ) തെക്കുപടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്.