ഗുജറാത്ത് : രണ്ടാമത് വിവാഹം കഴിച്ച ഭര്‍ത്താവിനൊപ്പം കഴിയാന്‍ ആദ്യ ഭാര്യയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമം ബഹുഭാര്യത്വത്തിന് അനുവാദം നല്‍കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ ഉത്തരവു നല്‍കാന്‍ കോടതിക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. കുടുംബകോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ടാമത് വിവാഹം കഴിച്ച ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ വിസമ്മതിച്ച യുവതിയെ തിരികെ ഭര്‍തൃവീട്ടില്‍ അയക്കണമെന്ന കുടുംബ കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജൂലായില്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുസ്ലിം വ്യക്തിനിയമം ബഹുഭാര്യത്വം അനുവദിക്കുന്നുണ്ടെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
മറ്റൊരു സ്ത്രീക്കൊപ്പം രണ്ടാം ഭാര്യയായി കഴിയാന്‍ ഭാര്യയെ നിര്‍ബന്ധിക്കുന്നതിന് ഭര്‍ത്താവിന് അവകാശമില്ല എന്നും കോടതി പറഞ്ഞു. 2010ലാണ് ഹര്‍ജിക്കാരി വിവാഹിതയായത്. 2015ല്‍ ഇവര്‍ക്ക് കുഞ്ഞ് പിറന്നു. നഴ്‌സ് ആയിരുന്ന യുവതിയെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. ഇതിനിടെ ഭര്‍ത്താവ് വീണ്ടും വിവാഹിതനായി. ഇതേ തുടര്‍ന്ന് യുവതി കുഞ്ഞുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.