തിരുവനന്തപുരം: സിൽവർ ലൈനില്‍ സാമൂഹികാഘാത പഠനം നിർത്തിയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകും. വിഷയത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണം. പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകൾ വ്യത്യസ്ഥ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.
അതേസമയം സംസ്ഥാനത്തിന്‍റെ അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പദ്ധതി സംസ്ഥാനത്തിന്‍റെ വികസനത്തിന് ഏറെ ആവശ്യമുള്ളതാണെന്നും ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് സിൽവർ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടി നൽകിയത്. സിൽവർ ലൈൻ സമരക്കാരുടെ പേരിലുളള കേസുകൾ പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.