കണ്ണൂർ : നെഹ്റു ട്രോഫി വള്ളംകളി കാണാൻ ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത് രാഷ്ട്രീയ വിവാദമാക്കി പ്രതിപക്ഷം. അമിത് ഷായെ വള്ളം കളിയ്ക്ക് വിളിക്കാൻ പിണറായിയ്ക്ക് നാണമുണ്ടോയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചോദിച്ചു. പിണറായിക്ക് അഭിമാന ബോധമില്ലെന്നും സ്വന്തം കാര്യം കാണാൻ ആരുടെ കാലും പിടിയ്ക്കുന്ന രീതിയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. 30 തവണ ലാവ്ലിൻ കേസ് മാറ്റിയത് ആരെ സഹായിക്കാനാണെന്നും സുധാകരൻ ചോദിച്ചു.
സംസ്ഥാനത്ത് രാഷ്ട്രീയ ചര്‍ച്ചയായ ഗവര്‍ണര്‍, പ്രിയ വര്‍ഗീസിന്റെ നിയമനം, സിപിഎം നേതൃമാറ്റം അടക്കമുള്ള വിഷയങ്ങളിലും സുധാകരൻ പ്രതികരിച്ചു. ഗവർണർ അനുസരണയോടെ നിന്നപ്പോൾ സർക്കാരിന് നല്ല കുട്ടിയായിരുന്നുവെന്നും ഇപ്പോൾ മോശമായി മാറിയെന്നും സുധാകരൻ കുറ്റപ്പെടുത്തി. സർക്കാരിന് ഇഷ്ടമല്ലാത്ത കാര്യങ്ങളെ നീക്കാൻ ഗവർണർ കൂട്ടുനിൽക്കണമെന്നായിരുന്നു രീതി. അത് നടക്കുമോയെന്നും സുധാകരൻ ചോദിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പ്രിയ വർഗീസിന്റെ നിയമന നടപടിയിൽ കോൺഗ്രസ് സമരം ചെയ്തതാണ്. എന്നാൽ അന്ന് ആ സമരത്തെ സർക്കാർ അടിച്ചമർത്തി. എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനോട് പ്രതികരിച്ച സുധാകരൻ. ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ സന്തോഷമാണെന്നും എം.വി.ഗോവിന്ദൻ രാഷ്ട്രീയ എതിരാളിയാണ് രാഷ്ട്രീയ ശത്രുവല്ലെന്നും കൂട്ടിച്ചേര്‍ത്തു.