ന്യൂയോര്‍ക്ക്: ചന്ദ്രനിലേക്കുളള ആർട്ടിമിസ് വിക്ഷേപണം മാറ്റിവെച്ച് നാസ. വിക്ഷേപണത്തിന് 40 മിനിറ്റ് മുമ്പാണ് കൗണ്ട് ഡൗൺ നിർത്തിവെച്ചത്. റോക്കറ്റിന്‍റെ നാല് എന്‍ജിനുകളില്‍ ഒന്നില്‍ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിവെക്കേണ്ടി വന്നത്. അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുളള ദൗത്യത്തിന്‍റെ ആദ്യഘട്ടമാണ് ഇപ്പോര്‍ താത്കാലികമായി ഉപേക്ഷിക്കേണ്ടി വന്നത്.
മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വർഷം പൂര്‍ത്തിയാകുമ്പോഴാണ് ആർട്ടിമിസ് I ദൗത്യം ചന്ദ്രനിലേക്ക് വിക്ഷേപിക്കുന്നത്. മനുഷ്യനെ എത്തിക്കുന്നതിന് മുമ്പുള്ള പരീക്ഷണ ദൗത്യമാണ് ആർട്ടിമിസ് I. മനുഷ്യനെ വഹിച്ച് 2024ലാണ് നാസയുടെ ദൗത്യം പദ്ധതിയിട്ടിരിക്കുന്നത്. നാസ അതിന്‍റെ എക്കാലത്തെയും ശക്തമായ വിക്ഷേപണ റോക്കറ്റായ സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്‌എൽഎസ്), ഓറിയോൺ ക്രൂ ക്യാപ്‌സ്യൂൾ എന്നിവയുടെ പ്രകടനം പരീക്ഷിക്കും. ഏകദേശം ആറാഴ്ച നീളുന്ന ദൗത്യത്തിൽ, ചന്ദ്രനിലേക്കും തിരിച്ചും ഏകദേശം 65,000 കിലോമീറ്റർ ദൂരം സഞ്ചരിക്കും.
വിക്ഷേപണം കാണാന്‍ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ ബീച്ചിൽ എത്തും. മൂന്ന് ദശലക്ഷത്തിലധികം ലിറ്റർ അൾട്രാ കോൾഡ് ലിക്വിഡ് ഹൈഡ്രജനും ഓക്‌സിജനും റോക്കറ്റിൽ നിറക്കാനുള്ള പ്രവർത്തനങ്ങൾ അപകടസാധ്യത കാരണം അൽപ സമയത്തേക്ക് വൈകി. പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ പ്രധാന ഘട്ടമായ ഹൈഡ്രജൻ നിറയ്ക്കുന്നതിനിടെ ചോർച്ച കണ്ടെത്തി. ഇത് പരിഹരിച്ചു. റോക്കറ്റിന്റെ ഓറിയോൺ ക്യാപ്‌സ്യൂൾ ചന്ദ്രനെ ചുറ്റാൻ സജ്ജീകരിച്ചിരിക്കുന്നു. സ്ത്രീയുള്‍പ്പെടെയുള്ള സംഘത്തെയാണ് ചന്ദ്രനിലേക്ക് അയക്കുന്നത്.
42 ദിവസത്തെ യാത്രയിൽ ഓറിയോൺ ചന്ദ്രനെ വലംവയ്ക്കും. ചെറിയ സാങ്കേതിക പ്രശ്നം പോലും വിക്ഷേപണം വൈകിപ്പിക്കുമെന്ന് നാസ അധികൃതർ പറഞ്ഞു. ഇന്ന് വിക്ഷേപിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സെപ്റ്റംബർ രണ്ടിനായിരിക്കും വിക്ഷേപണം. ചെറിയ സാങ്കേതിക പ്രശ്നം പോലും വിക്ഷേപണം വൈകിപ്പിക്കുമെന്ന് നാസ അധികൃതർ പറഞ്ഞു. അടുത്ത ദൗത്യമായ ആർട്ടിമിസ് 2, ബഹിരാകാശ യാത്രികരെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കും.