ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള ‘ദി ഷാരൂഖ് ഖാൻ ലാ ട്രോബ്’ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് വീണ്ടും ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി സ്കോളർഷിപ്പ് നിർത്തിവെച്ചിരുന്നു. ആഗസ്റ്റ് 18 മുതൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാസ്റ്റേഴ്സ് ഓഫ് റിസർച്ച് ബിരുദം നേടിയ സ്ത്രീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിക്ക് ലാ ട്രോബ് സർവകലാശാലയിൽ നാല് വർഷത്തെ ഗവേഷണ സ്കോളർഷിപ്പ് ലഭിക്കും.
എഞ്ചിനീയറിംഗ്, സൈബർ സുരക്ഷ, ഇൻഫർമേഷൻ ടെക്നോളജി, ആരോഗ്യം, കായികം എന്നി മേഖലകളിലെ ഇന്ത്യൻ വനിതകളുടെ നേട്ടങ്ങൾ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള സ്കോളർഷിപ്പാണിത്. ഇന്ത്യൻ ഫിലിം ഫെസ്റ്റിവലുമായി ലാ ട്രോബ് യൂണിവേഴ്സിറ്റിയുടെ 10 വർഷത്തെ പങ്കാളിത്തമാണ് പി.എച്ച്.ഡി സ്കോളർഷിപ്പിന് ഷാരൂഖ് ഖാന്റെ പേര് നൽകാൻ കാരണം.
2020 ൽ തൃശൂർ സ്വദേശിയായ ഗോപികക്കാണ് സ്കോളർഷിപ്പ് ലഭിച്ചിരുന്നു. രാജ്യത്തെ 800 അപേക്ഷകരിൽനിന്നുമാണ് ഗോപികയെ തിരഞ്ഞെടുത്തത്. ഷാരൂഖാന്റെ കയ്യിൽ നിന്നാണ് സ്കോളർഷിപ്പ് ഏറ്റുവാങ്ങിയത്.