കോഴിക്കോട് : കോച്ചിനെതിരെ പരാതി നൽകിയതിന് പിന്നാലെ ഭീഷണിയെന്ന് മരിച്ച ബാസ്‌ക്കറ്റ് ബോള്‍ താരം കെസി ലിതാരയുടെ അമ്മ. ഹിന്ദി സംസാരിക്കുന്ന രണ്ട് പേർ വീട്ടിൽ എത്തി ഭീഷണി പെടുത്തിയെന്നാണ് ലിതാരയുടെ അമ്മയുടെ പരാതി. കേസ് പിൻവലിക്കണമെന്നാണ് വീട്ടിലെത്തിയവരുടെ ആവശ്യം. പരാതിയില്ലെന്ന് അറിയിച്ച് കേസ് പിൻവലിച്ചാൽ 25 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നും കുടുംബം പറയുന്നു. വീട്ടുകാർ കുറ്റ്യാടി പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ, ഏപ്രിൽ 26 നാണ് പാറ്റ്നയിൽ ഫ്ലാറ്റിൽ ബാസ്‌ക്കറ്റ് ബോള്‍ താരം കെസി ലിതാരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. കോച്ച് രവി സിംഗിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി, പിന്നാലെ കുടുംബം പരാതി നൽകി. കോച്ച് നിരന്തരം ശല്യം ചെയ്യുകയാണെന്ന് ലിതാര നേരത്തെ പറഞ്ഞിരുന്നെന്നും ബന്ധുക്കൾ നല്‍കിയ പരാതിയിലെ ആരോപണം. കൊല്‍ക്കത്തയിലെ പരിശീലനത്തിനിടെ കോച്ച് അപമര്യാദയായി പെരുമാറി. ലിതാര ഇതിനെ എതിർത്തു. പിന്നാലെ കോച്ച് രവി സിംഗ് മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇക്കാര്യം വിശദമാക്കി, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാട്ന പൊലീസിനും ബന്ധുക്കൾ പരാതി നല്‍കിയിട്ടുണ്ട്.