കോഴിക്കോട് : സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി കീഴടങ്ങി. മൂന്നാം പ്രതി കൃഷ്ണ പ്രസാദ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ഒളിവിലുള്ള ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഒന്നാം പ്രതി ഷബീറിന് സാങ്കേതിക സഹായം നല്‍കിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷബീറിന്റെ ഐടി സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു ഇയാള്‍. കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഷബീറിനെ ചൊവ്വാഴ്ച വയനാട് എത്തിച്ച് തെളിവെടുപ്പു നടത്തി.
ഷബീറിനെയും ഗഫൂറിനെയും പിടികൂടിയ പൊലീസ് കൃഷ്ണ പ്രസാദിന്റെ ഒളിയിടം കണ്ടെത്തി അറസ്റ്റിനു ശ്രമിക്കുമ്പോഴാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്. പ്രതികളായ അബ്ദുൾ ഗഫൂറിനെയും കൃഷ്ണ പ്രസാദിനെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ എ.ജെ.ജോൺസന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് തെളിവെടുപ്പു നടത്തിയത്.
പ്രതി ഒളിവിൽ കഴിഞ്ഞ വയനാട് പൊഴുതന കുറുവാന്തോടുള്ള പണി പുരോഗമിക്കുന്ന റിസോർട്ടിലും പ്രതി മുൻപ് ഒളിവിൽ കഴിഞ്ഞ വാടക വീട്ടിലും ആണ് തെളിവെടുപ്പു നടത്തിയത്. പ്രതി ഷബീറിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് റിസോർട്ട് എന്നാണ് പ്രാഥമിക നിഗമനം. റിസോർട്ടിൽ ആഡംബര നീന്തൽക്കുളം പണി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. റിസോർട്ടിന്റെ അനുമതി, റജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇക്കാര്യത്തിനായി വില്ലേജ്, റവന്യു അധികാരികളുമായി പൊലീസ് ഔദ്യോഗിക ആശയവിനിമയം നടത്തും. പ്രതി ഒളിവിൽ കഴിയുന്ന സമയത്ത് റിസോർട്ടിൽ പലതവണ വന്നതായും താമസിച്ചതായുമാണ് വിവരം. സമീപ പ്രദേശത്ത് ആൾത്താമസമില്ലാത്തതിനാൽ പ്രതിക്ക് ആരുമറിയാതെ ഒളിവിൽ കഴിയാൻ കഴിഞ്ഞു. സമാന്തര എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട റെയ്ഡ് നടത്തുന്ന സമയത്ത് പ്രതികളായ കൃഷ്ണ പ്രസാദും,അബ്ദുൾ ഗഫൂറും ഇവിടെ ഒളിവിൽ കഴിഞ്ഞതായാണ് വിവരം.