തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് പതിനാറാം ദിനം. അയിരൂർ, വെണ്ണിയോട്, മൂങ്ങോട്, ആറ്റിങ്ങൽ, മാമ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള തീരദേശവാസികളാണ് ഇന്ന് ഉപരോധ സമരത്തിന് എത്തുക. നാലാം തീയതി വരെ ഉപരോധ സമരം നീട്ടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മന്ത്രിതല ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപത പ്രതിനിധികൾ എത്തിയിരുന്നില്ല. ഇതിന് ശേഷം തുടർച്ചർച്ചകൾക്ക് ഉള്ള സാധ്യത തെളിഞ്ഞിട്ടില്ല.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ നിന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിഷേധത്തിന്‍റെ പേരിൽ തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹർജികൾ പരിഗണിക്കവെ സിംഗിൾ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.ഹൈക്കോടതി ഇടപെട്ടിട്ടും നിർമാണം പുനരാരംഭിക്കാനായില്ലെന്നാണ് ഹർജിക്കാർ അറിയിച്ചിട്ടുള്ളത്.
പ്രദേശത്ത് ക്രമസമാധാനം ഉറപ്പു വരുത്തണമെന്ന് വിഴിഞ്ഞം പോലീസിന് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യമുണ്ടെങ്കിൽ സംസ്ഥാനം ആവശ്യപെടണമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സേനയുടെ സംരക്ഷണം വേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്.
തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നതൊഴികെയുള്ള വിഷയങ്ങളിൽ ചർച്ചക്കും പരിഹാരം കാണാനും തയാറാണെന്ന് ഇന്നലെയും മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി വിട്ടുവീഴ്ചക്ക് തയാറാകണം എന്നാണ് സമരക്കാരുടെ ആവശ്യം.