തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരിവ്യാപനം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കോൺഗ്രസ് എംഎൽഎ പിസി വിഷ്ണുനാഥാണ് നിയമസഭയിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകിയത്. 2022 ൽ മാത്രം 16,228 കേസുകളാണ് ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് അടിയന്തിര പ്രമേയമവതരിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു.
ലഹരി ഉപയോഗം, വ്യാപാരം എന്നിവ സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് വര്‍ധിച്ചുവെന്നും തടയാൻ ഫലപ്രദമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി. 2022 ൽ മാത്രം 16,228 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്ഥിരം ലഹരിക്കേസിൽ പെടുന്നവരെ കരുതൽ തടങ്കലിലാക്കും. പൊലീസും എക്സൈസും ഒരുമിച്ചുള്ള നടപടികൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. കേസിൽ ഉൾപ്പെടുന്നവരുടെ ഹിസ്റ്റർ ഷീറ്റ് തയാറാക്കി സൂക്ഷിക്കും. ഇവരെ നിരന്തരം നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.