തിരുവനന്തപുരം : സംസ്ഥാനത്തെ ക്ഷേത്രങ്ങളേയും വരുമാനത്തേയും സംബന്ധിച്ച് സുപ്രീംകോടതി ജഡ്ജി ഇന്ദുമൽഹോത്ര നടത്തിയ പരാമർശത്തിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഇന്ദുമൽഹോത്രയയുടെ പരാമര്‍ശം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ തിരിച്ചടിച്ചു. കമ്മ്യൂണിസ്റ്റുകാർ ക്ഷേത്രങ്ങൾ കയ്യടക്കുന്നു എന്നും വരുമാനം ലക്ഷ്യമിടുന്നു എന്നും പറഞ്ഞത് അടിസ്ഥാന രഹിതമാണ്. അനുചിതമായ പരാമർശമാണ് അവർ നടത്തിയതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
അഞ്ച് ദേവസ്വം ബോർഡുകളാണ് സംസ്ഥാനത്ത് ഉള്ളത്, ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ലെന്ന് മാത്രമല്ല ക്ഷേത്രങ്ങളേയും ദേവസ്വം ബോർഡുകളേയും സഹായിക്കുകയാണ് സർക്കാർ ചെയ്തത്. കൊവിഡ് കാലത്ത് ക്ഷേത്രങ്ങളുടെ പ്രവർത്തനം നിലച്ചപ്പോൾ 450 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. ശബരിമല തീര്‍ത്ഥാടകർക്ക് അഞ്ച് ഇടത്താവളം ഉണ്ടാക്കാൻ 118 കോടി രൂപ കിഫ്ബി വഴി അനുവദിച്ചെന്നും ക്ഷേത്രങ്ങളെയും ദേവസ്വം ബോർഡുകളേയും സംരക്ഷിക്കുന്ന നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി നിയമസഭയിൽ വിശദീകരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്ദു മൽഹോത്ര, ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് വെച്ച് ഒരുകൂട്ടം ഭക്തരോട് സംസാരിക്കുന്ന വീഡിയോയിലാണ് വിവാദ പരാമർശമുള്ളത്. വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെന്നാണ് ഇന്ദു മൽഹോത്രയുടെ വിവാദ പ്രസ്താവന. താനും യു യു ലളിതും ചേർന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മൽഹോത്ര പറയുന്നുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറഞ്ഞത് ജസ്റ്റിസ് യു യു ലളിതും ഇന്ദുമൽഹോത്രയും ചേർന്ന ബഞ്ചാണ്. ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി തള്ളിയായിരുന്നു ഇത്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്രം കുറിച്ച ഭൂരിപക്ഷ വിധിയിൽ വിയോജിച്ച് വിധി പറഞ്ഞ ഒരേയൊരു ജഡ്ജിയും ഇന്ദു മൽഹോത്രയാണ്.