കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ(1.09.2022) കൊച്ചിയിലെത്തും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി യുദ്ധകപ്പൽ ഐഎൻഎസ് വിക്രാന്ത് സേനയ്ക്ക് കൈമാറുന്നതടക്കം വിവിധ ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. നാളെ വൈകിട്ട് നെടുമ്പാശ്ശേരിയിൽ ബിജെപി പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും.
നാളെ വൈകിട്ട് 4.25 നെടുമ്പാശ്ശേരിയിൽ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിലെ ബിജെപി പൊതുയോഗത്തിലാണ് ആദ്യം പങ്കെടുക്കുക. തുടർന്ന് കാലടി ശൃംഗേരി മഠത്തിൽ എത്തും. 6 മണിയ്ക്ക് സിയാൽ കൺവെൻഷൻ സെന്‍ററിൽ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. കൊച്ചിമെട്രോ പേട്ട എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെസ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യയും. ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമാകും ചടങ്ങിൽ പങ്കെടുപ്പിക്കുക. തുടർന്ന് റോഡ് മാർഗം വെല്ലിംഗ്ടൺ ഐലന്‍റിലെ താജ് മലബാർ ഹോട്ടലിലെത്തും. ബിജെപി കോർക്കമ്മിറ്റി നേതാക്കളുമായും കൂടികാഴ്ച നടത്തും.
വെള്ളിയാഴ്ച രാവിലെ 9.30 നാണ് കൊച്ചി ഷിപ്പയാർഡിൽ ഐഎൻഎസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക.20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് ആഘോഷമാക്കാൻ ഒരുക്കം തുടങ്ങി. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്. ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.