ദുബൈ: ദുബൈയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത് ഒരു ദിവസം. പ്രായമായവരും കുഞ്ഞുങ്ങളും ഉള്‍പ്പെടെ 150ഓളം യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട എ ഐ 938 വിമാനമാണ് 28 മണിക്കൂര്‍ വൈകി യാത്രക്കാരെ ബുദ്ധിമുട്ടിച്ചത്. ഒടുവില്‍ ബുധനാഴ്ച വൈകുന്നേരം 6.40ന് വിമാനം പുറപ്പെട്ടു.
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം വൈകിയതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ യാത്രക്കാരെ വിമാനത്തില്‍ കയറ്റിയിരുന്നു. പിന്നീട് അഞ്ചു മണിയോടെ തിരിച്ചിറക്കി. രാത്രിയോടെ സന്ദര്‍ശക വിസക്കാര്‍ അല്ലാത്തവരെ ഹോട്ടലിലേക്ക് മാറ്റി. വിമാനം രാവിലെ പുറപ്പെടുമെന്നാണ് അറിയിപ്പ് നല്‍കിയത്. സന്ദര്‍ശക വിസക്കാരും വിസ കാലാവധി കഴിയുന്നവരും വിമാനത്താവളത്തില്‍ തന്നെ തുടര്‍ന്നു. ബാഗേജ് നേരത്തെ വിമാനത്തില്‍ കയറ്റിയത് കൊണ്ട് യാത്രക്കാര്‍ക്ക് വസ്ത്രം പോലും മാറാന്‍ കഴിഞ്ഞില്ല.
എന്നാല്‍ രാവിലെയായിട്ടും എയര്‍ ഇന്ത്യ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിക്കാതെ വന്നതോടെ യാത്രക്കാര്‍ പ്രതിഷേധവുമായെത്തുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ വീണ്ടും വിമാനത്തില്‍ കയറ്റിയെങ്കിലും പിന്നെയും ഒരു മണിക്കൂറോളം വൈകി. പിന്നീട് 6.40നാണ് വിമാനം ദുബൈയില്‍ നിന്ന് പുറപ്പെട്ടത്. വലിയ ദുരിതമാണ് വിമാനം വൈകിയതോടെ യാത്രക്കാര്‍ നേരിട്ടത്.