ദില്ലി: രാജ്യത്ത് വാട്ട്സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം വന്നേക്കും എന്ന് റിപ്പോര്‍ട്ട്. സൗജന്യ ഇന്റർനെറ്റ് ഫോൺവിളി തടയണമെന്ന നിർദേശം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കേന്ദ്രം ടെലികോം റെഗുലേറ്ററി അതോററ്ററി (ട്രായി)യോട് അഭിപ്രായം തേടി. ടെലികോം കമ്പനികളെപ്പോലെ ആപ്പുകൾക്കും സർവ്വീസ് ലൈസൻസ് ഫീ വന്നേക്കും എന്നാണ് വിവരം.
ടെലികോം വകുപ്പ് കഴിഞ്ഞയാഴ്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ഇൻറർനെറ്റ് ടെലിഫോണ്‍ കോളുകള്‍ സംബന്ധിച്ച ഒരു ശുപാർശ അവലോകനത്തിനായി അയച്ചു, കൂടാതെ പുതിയ സാങ്കേതികവിദ്യകളുടെ അന്തരീക്ഷത്തിൽ ഈ നിയന്ത്രണങ്ങള്‍ക്ക് വിശദമായ നിര്‍ദേശം നല്‍കാനാണ് ട്രായിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ ട്രായി നല്‍കിയ ഇന്റർനെറ്റ് ടെലിഫോണ്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇന്‍റര്‍നെറ്റ് ടെലിഫോണ്‍ പ്രൊവൈഡര്‍മാര്‍, ഓവർ-ദി-ടോപ്പ് ആപ്പുകള്‍ക്കും വേണ്ടി ടെലികോം വകുപ്പ് ഇപ്പോൾ ട്രായിയിൽ നിന്ന് സമഗ്രമായ വിശദീകരണമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് ടെലികോം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞത്.
ടെലികോം സേവനദാതക്കളും, ഇന്‍റര്‍നെറ്റ് കോള്‍ നല്‍കുന്ന വാട്ട്സ്ആപ്പ് അടക്കം ആപ്പുകളും നടത്തുന്നത് ഒരേ സേവനമാണ്. എന്നാല്‍ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ്. ഇത് ഏകീകരിക്കണം എന്നാണ് ടെലികോം ഓപ്പറേറ്റർമാർ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഇതിന്‍റെ കൂടി വെളിച്ചത്തിലാണ് കേന്ദ്രത്തിന്‍റെ നീക്കം എന്നാണ് പിടിഐ റിപ്പോര്‍ട്ട് പറയുന്നത്.
ടെലികോം ഓപ്പറേറ്റർമാർക്കും ഇൻറർനെറ്റ് സേവന ദാതാക്കൾക്കും ബാധകമായ ഒരേ നിയമങ്ങള്‍ വേണമെന്നും. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഉള്ളപോലെ ലൈസൻസ് ഫീ ഇന്‍റര്‍നെറ്റ് കോള്‍ പ്രൊവൈഡര്‍മാര്‍ക്ക് നൽകണമെന്നുമാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പതിവായി ആവശ്യപ്പെടുന്നത്.
സാധാരണ ടെലിഫോൺ നെറ്റ്‌വർക്കുകളിലെ കോളുകൾ ഉൾപ്പെടെ നല്‍കാന്‍ ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരെ അനുവദിക്കാന്‍ 2008-ൽ ട്രായ് ശുപാർശ ചെയ്തിരുന്നു, എന്നാൽ അവർ ഇന്റർകണക്ഷൻ ചാർജുകൾ നൽകുകയും സുരക്ഷാ ഏജൻസികളുടെ ആവശ്യാനുസരണം ക്രമീകരണങ്ങള്‍ ഉണ്ടാക്കുകയും വേണം എന്നായിരുന്നു നിര്‍ദേശം. 2016-17ലും നെറ്റ് ന്യൂട്രാലിറ്റി പ്രശ്നം റെഗുലേറ്ററും സർക്കാരും ചർച്ച ചെയ്തപ്പോൾ ടെലികോം ഓപ്പറേറ്റർമാർ ഈ പ്രശ്നം ഉന്നയിച്ചിരുന്നു.