കാലിഫോർണിയ: യുഎസ് സംസ്ഥാനമായ കാലിഫോർണിയയിലെ തിരക്കേറിയ മോട്ടോർവേയിൽ ഒരു ട്രക്ക് മറിഞ്ഞു. അതിൽ നിന്നും പുറത്തേക്ക് ഒഴുകിയത് 150,000 -ത്തിലധികം തക്കാളികൾ. ഇതോടെ ഇവിടെ ഗതാഗതം സ്തംഭിച്ചു. തെറിച്ചുവീണ തക്കാളി ഏഴ് കാറുകളെ അപകടത്തിൽ പെടുത്തി. സംഭവത്തെ തുടർന്ന് ഈ ഹൈവേയുടെ ഭൂരിഭാഗവും തിങ്കളാഴ്ച അടയ്ക്കുകയും ചെയ്തു.
സ്ഥലത്ത് വച്ച് മൂന്നു പേർക്ക് നിസാര പരിക്കുകളേൽക്കുകയും നാലാമൻ കാലൊടിഞ്ഞ് ആശുപത്രിയിൽ ആവുകയും ചെയ്തു എന്ന് കാലിഫോർണിയയിലെ ഹൈവേ പട്രോൾ സംഘം പറഞ്ഞു. തക്കാളിയുടെ സീസൺ ആയിക്കഴിഞ്ഞാൽ സംസ്ഥാനത്തുടനീളം അവ കൊണ്ടുപോകുന്നതിനായി ലോറി ഡ്രൈവർമാർ ഈ പ്രധാന മോട്ടോർവേയാണ് ഉപയോഗിക്കുന്നത്. വണ്ടി ഒരു വശം ചരിഞ്ഞ് വീണതോടെ അതിൽ നിന്നും തക്കാളി റോഡിലേക്ക് ഒഴുകാൻ തുടങ്ങി.
വണ്ടിയിൽ കൊണ്ടുപോവുകയായിരുന്ന തക്കാളി അപ്പാടെ തെറിച്ചു വീണതോടെ റോഡ് ചുവപ്പ് നിറത്തിലുള്ള ഒരു കടലായി മാറി. രണ്ടടി ആഴത്തിലാണ് തക്കാളി സോസ് റോഡിൽ പരന്നത് എന്ന് ഹൈവേ പട്രോൾ ഓഫീസർ ജേസൺ ടൈഹർസ്റ്റ് പറഞ്ഞു. തക്കാളി നീരും എണ്ണയും ചെളിയും കുഴഞ്ഞു നിന്ന റോഡിലൂടെ വാഹനങ്ങൾക്ക് കടന്നു പോവുക അങ്ങേയറ്റം അപകടകരമായി മാറി. അതിനിടയിലാണ് മറ്റ് വാഹനങ്ങൾ അപകടത്തിൽ പെട്ടത്. ഐസിന് മുകളിൽ നടക്കുന്നത് പോലത്തെ അവസ്ഥ ആയിരുന്നു അവിടെ എന്ന് ടൈഹർസ്റ്റ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
റോഡ് വൃത്തിയാക്കി ഗതാഗതം പഴയ പോലെ പുനസ്ഥാപിക്കാൻ മണിക്കൂറുകളാണ് എടുത്തത്. കാലിഫോർണിയ തക്കാളി ഗ്രോവേഴ്‌സ് അസോസിയേഷൻ പറയുന്ന കണക്കനുസരിച്ച്, രാജ്യത്തെ തക്കാളിയുടെ 90% -ലധികവും ആഗോള തലത്തിൽ സംസ്‌കരിച്ച തക്കാളിയുടെ പകുതിയും ഗോൾഡൻ സ്റ്റേറ്റിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.