തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല നടത്താനുദ്ദേശിക്കുന്ന 12 യു.ജി. കോഴ്‌സുകളും 5 പി.ജി. കോഴ്‌സുകളും ഒഴികെയുള്ള മറ്റ് കോഴ്‌സുകൾ യു.ജി.സി. അനുമതിയോടെ ഈ അക്കാദമിക വർഷം തുടർന്ന് നടത്താൻ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ തുടങ്ങിയ സർവ്വകലാശാലകൾക്ക് അനുമതി നൽകി ഉത്തരവായിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരമാണ് മറ്റ് സർവ്വകലാശാലകൾ വിദൂരവിദ്യാഭ്യാസത്തിലൂടെയോ പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെയോ വിദ്യാർത്ഥികൾക്ക് പഠനകോഴ്‌സുകളിലേക്ക് പ്രവേശനം നൽകരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നത്. ഓപ്പൺ സർവ്വകലാശാലകളുടെ കോഴ്‌സുകൾക്ക് ഡിസ്റ്റൻസ് എഡ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരം ലഭിക്കുന്നതുവരെ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ എന്നീ സർവ്വകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസം-പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്‌സുകൾ നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു.
ഓപ്പൺ സർവ്വകലാശാലയ്ക്ക് കോഴ്‌സുകൾ നടത്താൻ യു.ജി.സിയുടെ അംഗീകാരം 2022 സെപ്റ്റംബറോടു കൂടി ലഭിക്കുമെന്ന പ്രതീക്ഷയിൽ ആ അനുമതി ലഭിക്കുന്നില്ലെങ്കിൽ മാത്രം മറ്റ് സർവ്വകലാശാലകൾക്ക് ഈ വർഷം വിദൂരവിദ്യാഭ്യാസം – പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്‌സുകൾക്ക് അനുമതി നൽകുമെന്ന് സർവ്വകലാശാലകളെ അറിയിച്ചിരുന്നു. ഈ സർക്കുലറിനെതിരെ സമർപ്പിച്ച റിട്ട് പരാതികളിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അക്കാദമിക വർഷം മറ്റു കോഴ്‌സുകൾ തുടർന്ന് നടത്താൻ സർവ്വകലാശാലകൾക്ക് അനുമതി നൽകി ഉത്തരവിട്ടിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.