കണ്ണൂര്‍: നെഹ്റു ട്രോഫി വള്ളംകളി കാണാൻ ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ തെറ്റില്ലെന്ന് കാനം രാജേന്ദ്രൻ. വള്ളം കളിയ്ക്ക് വരണോ എന്ന് തീരുമാനിക്കേണ്ടത് അമിത് ഷായാണ്. കേന്ദ്ര മന്ത്രിയെ വിളിച്ചതിൽ തെറ്റില്ലെന്നും അതിൽ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. അതിന്‍റെ അർത്ഥം ഭരണഘടന മോശമാണെന്നല്ല. ലോകായുക്തയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. ആ നിയമത്തിൽ ചില ദൗർബല്യമുണ്ട്. അഴിമതി തടയാൻ ഇപ്പോഴും പല വഴിയുണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സർക്കാർ വന്നിട്ട് ഒരു വർഷം മാത്രമേ ആയിട്ടോള്ളൂ. വിലയിരുത്താൻ സമയം ആയിട്ടില്ലെന്നും മന്ത്രി സഭ പുനസംഘടന സിപിഐ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പോർട്ട് വിഷയത്തിൽ സർക്കാരിന് ഏകപക്ഷീയ തീരുമാനം എടുക്കാൻ കഴിയില്ല. സർക്കാർ പ്രശ്നം പരിഹരിക്കുമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.