ഷാര്‍ജ: യുഎഇയില്‍ ലഗേജിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഷാര്‍ജ എയര്‍പോര്‍ട്ട് പൊലീസാണ് 35കാരനായ ഏഷ്യന്‍ വംശജനെ പിടികൂടിയത്. 4.3 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.
യുഎഇയില്‍ നിന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനിടെയാണ് ഇയാളെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ യുവാവിന്റെ ബാഗ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് 430,000 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. ഇത്രയും സ്വര്‍ണാഭരണങ്ങള്‍ എവിടെ നിന്ന് ലഭിച്ചെന്ന ചോദ്യത്തിന് യുഎഇയിലെ വിദൂരമായ ഒരു മണല്‍ പ്രദേശത്ത് നിന്ന് കളഞ്ഞുകിട്ടിയതാണെന്നാണ് യുവാവ് പറഞ്ഞത്. ഇത് കണ്ടെത്തിയിട്ടും പൊലീസിനെയോ മറ്റ് അധികൃതരെയോ അറിയിച്ചില്ലെന്നും യുവാവ് സമ്മതിച്ചു. ഇയാളെ പ്രോസിക്യൂഷന് കൈമാറി.