ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും അനീസ് ഇബ്രാമിയും പാകിസ്താനിൽ താമസിക്കുന്നുണ്ടെന്ന് ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറിന്‍റെ വെളിപ്പെടുത്തൽ. ദാവൂദിന്‍റെ തലക്ക് എൻ.െഎ.എ 25 ലക്ഷം വിലയിട്ടതിന് പിന്നാലെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) യോട് ഇഖ്ബാലിന്‍റെ തുറന്നുപറച്ചിൽ. 2021 ജൂണിലാണ് എൻ.സി.ബി ഇഖ്ബാൽ കസ്കറിനെ അറസ്റ്റ് ചെയ്തത്.
ദാവൂദ് പാകിസ്താനിലുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ വർഷങ്ങൾക്ക് മുമ്പും അവകാശപ്പെട്ടിരുന്നു. ഇപ്പോൾ സഹോദരനും ഇത് ആവർത്തിച്ചതോടെ ദാവൂദിന്റെ താവളം വീണ്ടും സ്ഥിരീകരിക്കുകയാണ്. ബോംബെ സ്‌ഫോടനക്കേസിലെ പ്രതി ജാവേദ് ചിക്‌നയെ കുറിച്ചും ഇഖ്ബാൽ സുപ്രധാനമായ വെളിപ്പെടുത്തൽ നടത്തി. ജാവേദ് പാകിസ്താനിലേക്ക് മയക്കുമരുന്ന് കടത്താറുണ്ടെന്നും ഇതിന് ഇയാൾ ജയിലിൽ കിടന്നിട്ടുണ്ടെന്നും ഇഖ്ബാൽ എൻ.സി.ബിയോട് പറഞ്ഞു.
മെയ് 23ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ദാവൂദിന്റെ അനന്തരവൻ അലിഷഹ് പാർക്കറും ദാവൂദിന്റെ താവളത്തിന്റെ ചുരുളഴിച്ചിരുന്നു. ദാവൂദ് കറാച്ചിയിലുണ്ടെന്ന് ഇയാൾ ഇ.ഡിയോട് പറഞ്ഞു.ദാവൂദിന്റെ ഭാര്യ മെഹ്‌ജാബിൻ ഇബ്രാഹിം ആഘോഷവേളകളിൽ തന്‍റെ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അലിഷഹ് ഇ.ഡിക്ക് മുന്നിൽ വെളിപ്പെടുത്തി. ആഗസ്റ്റ് നാലിന് ഛോട്ടാ ഷക്കീലിന്റെ അടുത്ത അനുയായി ഇഖ്ബാൽ ഖുറേഷിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തിരുന്നു. ഡി കമ്പനിയുടെ പ്രവർത്തനങ്ങളിൽ പങ്കുള്ള ഖുറേഷി, മുംബൈ സെൻട്രലിലെ എം.ടി അൻസാരി റോഡിലാണ് താമസിച്ചിരുന്നത്.
ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും അടുത്ത കൂട്ടാളികൾക്കെതിരെ ഫെബ്രുവരി മൂന്നിനാണ് എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കള്ളക്കടത്ത്, അനധികൃതമായി സ്വത്ത് കൈവശം വെക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് ഭീകരവാദം എന്നിവയിൽ ഇവർ ഉൾപ്പെട്ടിരുന്നു. ജയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം), ലഷ്‌കറെ ത്വയ്ബ (എൽ.ഇ.ടി) തുടങ്ങിയ രാജ്യാന്തര ഭീകര സംഘടനകളുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നു.
ഇന്ത്യയിലെ തീവ്രവാദ കുറ്റകൃത്യങ്ങളുടെ പേരിൽ എൻ.ഐ.എ തെരയുന്ന കുറ്റവാളിയാണ് ദാവൂദ്. പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ദാവൂദ് പദ്ധതിയിട്ടുവെന്നാണ് എൻ.ഐ.എ വിശദീകരിക്കുന്നത്. ദാവൂദിനെ കൂടാതെ, ഛോട്ട ഷക്കീലിനെ കണ്ടെത്തുന്നവർക്ക് 20 ലക്ഷവും അധോലോക സംഘമായ ഡി കമ്പനിയിലെ മറ്റ് അംഗങ്ങളായ ടൈഗർ മേമൻ, അനീസ് ഇബ്രാഹിം, ജാവേദ് ചിക്ന എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 15 ലക്ഷം വീതവും എൻ.ഐ.എ ഇനാം പ്രഖ്യാപിച്ചിരുന്നു.