ന്യൂഡൽഹി: ഗോവയിലെ റിസോർട്ടിൽ മരിച്ച നടിയും ബി.ജെ.പി നേതാവുമായ സൊനാലി ഫോഗട്ടിന്‍റെ 110 കോടി വരുന്ന സ്വത്തിന്‍റെ ഏക അവകാശി മകൾ യോശോധര ഫോഗട്ട്. കൗമാരക്കാരിയായ മകളെ അപായപ്പെടുത്താൻ ആരെങ്കിലും ശ്രമിക്കുമോ എന്ന ഭയത്തിലാണ് ഇപ്പോൾ സൊനാലിയുടെ കുടുംബമെന്നാണ് പുതിയ റിപ്പോർട്ട്.
15 വയസ്സാണ് സൊനാലിയുടെ മകളുടെ പ്രായം. യശോധരയുടെ ജീവൻ അപകടത്തിലാകുമെന്നാണ് തങ്ങളുടെ ആശങ്കയെന്ന് യശോധരയുടെ അമ്മാവൻ കുൽദീപ് ഫോഗട്ട് പറയുന്നു. യശോധരയുടെ പിതാവ് സഞ്ജയ് ഫോഗട്ട് 2016ൽ ദുരൂഹസാഹചര്യത്തിലാണ് മരിച്ചതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാൽ സർക്കാർ സൊനാലി ഫോഗട്ടിന്‍റെ മകൾക്ക് സുരക്ഷ ഒരുക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ഗോവൻ പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വസമില്ലെന്നുമാണ് യശോധര പറയുന്നത്. തന്‍റെ അമ്മയുടെ മരണം കൊലപാതകമാണെന്നും അത് കൃത്യമായി പദ്ധതിയിട്ട് നടപ്പാക്കിയതാണെന്നുമുള്ള നിലപാടിലാണ് യശോധര.
ആഗസ്ത് 23നാണ് സൊനാലി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. സഹായിയും സുഹൃത്തും ചേർന്ന് മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടത്തില്‍ സൊനാലിയുടെ ശരീരത്തിൽ മുറിവുകള്‍ കണ്ടെത്തി. തുടർന്ന് ഗോവ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് സഹായി സുധീർ സാങ്‌വാൻ, സുഹൃത്ത് സുഖ്‌വീന്ദർ സിങ് എന്നിവരെ അറസ്റ്റ് ചെയ്തു. സൊനാലിയെ കൂട്ടാളികൾ നിർബന്ധിച്ച് മാരകമായ ലഹരിമരുന്ന് കലർത്തിയ പാനീയം കുടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഇതുവരെ അഞ്ചു പേരാണ് അറസ്റ്റിലായത്.