വാട്സ്ആപ്പ്, ടെലഗ്രാം, സിഗ്നൽ, ഗൂഗിൾ മീറ്റ്, ഫേസ്ബുക്ക് മെസ്സഞ്ചർ തുടങ്ങിയ ആപ്പുകളിലൂടെയുള്ള സൗജന്യ ഇന്റർനെറ്റ് കോളിങ്ങിന് കേന്ദ്ര സർക്കാർ നിയന്ത്രണം കൊണ്ടുവരാൻ പോകുന്നതായി സൂചന. അതുമായി ബന്ധപ്പെട്ട് ടെലികോം ഡിപാർട്ട്മെന്റ് , ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ നിന്ന് അഭിപ്രായം തേടിയതായി ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ടെലികോം കമ്പനികളെപ്പോലെ ഇന്റർനെറ്റ് കോൾ സേവനം നൽകുന്ന ആപ്പുകൾക്കും സർവ്വീസ് ലൈസൻസ് ഫീ വന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇന്റർനെറ്റ് കോളിങ് സൗകര്യം ടെലികോം കമ്പനികളുടെ വരുമാനം നഷ്ടപ്പെടുത്തുമെന്നും, അതിനാൽ ഒരുപോലുള്ള സേവനത്തിന് ഒരേ ചാർജ് ഏർപ്പെടുത്തണമെന്നതാണ് ആവശ്യം. രാജ്യത്ത് രണ്ട് സേവനങ്ങൾക്ക് രണ്ട് നിയമമാണ് നിലവിലുള്ളതെന്നും അത് ഏകീകരിക്കണമെന്നുമാണ് ടെലികോം കമ്പനികൾ പറയുന്നത്.
ടെലികോം വകുപ്പ് ട്രായ്ക്ക് കഴിഞ്ഞ ദിവസം ഇൻറർനെറ്റ് ടെലിഫോണ്‍ കോളുകള്‍ സംബന്ധിച്ച ശുപാർശ അവലോകനത്തിനായി അയച്ചിരുന്നു. കൂടാതെ പുതിയ സാങ്കേതികവിദ്യകളുടെ അന്തരീക്ഷത്തിൽ ഈ നിയന്ത്രണങ്ങള്‍ക്ക് വിശദമായ നിര്‍ദേശം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ട്രായിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ട്രായ് നേരത്തെ നല്‍കിയ ഇന്റർനെറ്റ് ടെലിഫോണ്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇന്‍റര്‍നെറ്റ് ടെലിഫോണ്‍ പ്രൊവൈഡര്‍മാര്‍, ഓവർ-ദി-ടോപ്പ് (OTT) ആപ്പുകള്‍ക്കും വേണ്ടി ടെലികോം വകുപ്പ് ഇപ്പോൾ ട്രായിയിൽ നിന്ന് സമഗ്രമായ വിശദീകരണമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.