തിരുവനന്തപുരം: ഏകീകൃത തദ്ദേശവകുപ്പിന്റെ ലോഗോ മന്ത്രി എം വി ഗോവിന്ദന്‍ പ്രകാശിപ്പിച്ചു. തദ്ദേശഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഏറ്റുവാങ്ങി. ജനങ്ങള്‍ക്ക് തൊട്ടറിയാവുന്നതും വിളിപ്പുറത്തുമുള്ള സര്‍ക്കാരിന്റെ മുഖമാണ് തദ്ദേശ സ്ഥാപനങ്ങളെന്ന് മന്ത്രി പറഞ്ഞു.
ഏകീകൃത തദ്ദേശവകുപ്പിന്റെയും പൊതുസര്‍വീസിന്റെയും രൂപീകരണം കേവല പരിഷ്‌കാരം മാത്രമല്ല. പുരോഗമനോന്മുഖമായ ഒരു സര്‍വീസ് സങ്കല്‍പ്പത്തിന്റെ പ്രഖ്യാപനംകൂടിയാണ്. വികസന, സേവന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് പ്രാദേശിക സര്‍ക്കാരുകളാണ്. ജനപ്രതിനിധികള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ടവരാണ് ഓരോ ജീവനക്കാരനും. ജനങ്ങളെ സേവിക്കാന്‍ ബാധ്യതപ്പെട്ട ഒരു സംവിധാനമാണ് തദ്ദേശ സ്വയംഭരണ പൊതു സര്‍വീസിലൂടെ നിലവില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, പ്രിസിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം, പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശന്‍, നഗര ഡയറക്ടര്‍ അരുണ്‍ കെ വിജയന്‍, തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ അബ്ദുള്‍ നാസര്‍, ലൈഫ് മിഷന്‍ സിഇഒ പി ബി നൂഹ്, ചീഫ് ടൗണ്‍ പ്ലാനര്‍ പ്രമോദ് കുമാര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, കില ഡയറക്ടര്‍ ജോയ് ഇളമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.