ഒരു സ്ത്രീ കാമുകന്റെ സഹായത്തോടെ തന്റെ മൂന്ന് കുഞ്ഞുങ്ങളെ നർമ്മദ കനാലിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട്, ബുധനാഴ്ച രാത്രി വടക്കൻ ഗുജറാത്തിലെ തരാട് താലൂക്കിലെ കനാലിൽ ചാടി യുവതിയും കാമുകനും ആത്മഹത്യ ചെയ്തതായും വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
ചന്ധർ ഗ്രാമത്തിലെ മുൻ സർപഞ്ച്, മാഫാജി പട്ടേൽ പറഞ്ഞു: “വ്യാഴാഴ്‌ച പുലർച്ചെ നർമ്മദാ കനാലിലൂടെ കടന്നുപോകുന്ന ആളുകളാണ് ഭിത്തിയിൽ മൊബൈൽ ഫോണുകളും രണ്ട് കുട്ടികളുടെ മൃതദേഹം വെള്ളത്തിൽ ഒഴുകി നടക്കുന്നതായും കണ്ടത്. അവർ എന്നോട് അക്കാര്യം പറഞ്ഞു, ഞാൻ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും അവരോട് ഇടപെടാൻ അഭ്യർത്ഥിക്കുകയും ചെയ്തു. പിന്നാലെ അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ദ്ധരും സ്ഥലത്തെത്തി.”
മാഫാജി പട്ടേൽ കൂട്ടിച്ചേർത്തു: “ഒരു മൊബൈൽ ഫോൺ നിർത്താതെ ബെല്ലടിക്കുന്നുണ്ടായിരുന്നു. ഞാനതെടുത്തപ്പോൾ വാവ് താലൂക്കിലെ ദേതാലി ഗ്രാമത്തിൽ നിന്ന് മുക്തബെൻ താക്കോർ എന്ന സ്ത്രീയേയും അവളുടെ മൂന്ന് മക്കളെയും കാണാതായി എന്നും അവരുടെ കുടുംബാംഗങ്ങൾ അവരെക്കുറിച്ച് അന്വേഷിക്കാൻ വിളിക്കുകയാണ് എന്നും ഞാൻ മനസിലാക്കി. മത്സ്യത്തൊഴിലാളികൾ കനാലിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ പുറത്തെടുത്തതായി ഞാൻ വിളിച്ചയാളോട് പറഞ്ഞു.“
മുക്തബെന്നിന്റെ ഭാര്യാപിതാവ് സ്ഥലത്തെത്തി. അവൾ ഈശ്വർഭായിയുടെ ഭാര്യയാണ് എന്നും അവർക്ക് മൂന്ന് കുട്ടികളുണ്ടെന്നും അതിൽ ഒരാൾ ഒരു പെൺകുട്ടിയാണെന്നും അയാളാണ് പട്ടേലിനോട് പറയുന്നത്. കൂലിപ്പണിക്കാരനായ ഈശ്വർഭായി കഴിഞ്ഞ ഏതാനും മാസങ്ങളായി ഗാന്ധിനഗറിന് സമീപമാണ് ജോലി ചെയ്തിരുന്നത്. 15 ദിവസം മുമ്പ് ഗ്രാമത്തിലേക്ക് മടങ്ങുന്നതിന് മുമ്പ്, മുക്തബെനും കുട്ടികളും അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നുവെന്നും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
ധാരാധര ഗ്രാമത്തിൽ നിന്നുള്ള ഒരാളുമായി മുക്തബെന് ബന്ധമുണ്ടായിരുന്നു എന്നും സർപഞ്ച് പറഞ്ഞു. അവൾ കാമുകന്റെ കൂടെ കുട്ടികളുമായി കടന്നതാകാം എന്നാണ് കുടുംബം കരുതുന്നത്. ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാലാവാം അവർ കുട്ടികളെ ആദ്യം കനാലിലേക്ക് എറിഞ്ഞത് എന്ന് കരുതുന്നു. പിന്നാലെ ഇരുവരും കനാലിൽ ചാടിയിരിക്കാം എന്നും കരുതുന്നു.