ആലപ്പുഴ : പൊതുവിഭാഗം കാര്‍ഡുടമകളുടെ (വെള്ള) റേഷന്‍ ഭക്ഷ്യധാന്യവിഹിതം ഉയര്‍ത്തി. ജനുവരിയില്‍ കാര്‍ഡൊന്നിന് ഏഴുകിലോ അരി ലഭിക്കും. ഡിസംബറില്‍ ഇത് അഞ്ചുകിലോയും നവംബറില്‍ നാലുകിലോയും ആയിരുന്നു. നീല, വെള്ള, കാര്‍ഡുകള്‍ക്കുള്ള നിര്‍ത്തിവെച്ച സ്‌പെഷ്യല്‍ അരിവിതരണവും പുനരാരംഭിക്കും. ഈമാസം മൂന്നുകിലോവീതം സ്‌പെഷ്യല്‍ അരിയാണ് നല്‍കുക. ഇതിനുപുറമേ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് (എന്‍.പി.ഐ. കാര്‍ഡ്) രണ്ടുകിലോ സ്‌പെഷ്യല്‍ അരിയുണ്ട്. 15 രൂപയാണ് നിരക്ക്. ഓരോ റേഷന്‍കടയിലെയും നീക്കിയിരിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌പെഷ്യല്‍ അരി വിതരണം. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ വിഹിതത്തില്‍ മാറ്റമില്ല.
സംസ്ഥാനത്ത് റേഷന്‍ വാങ്ങുന്നവരുടെ എണ്ണം ഏതാനും മാസങ്ങളായി കുറവാണ്. ഇതുമൂലം ടണ്‍കണക്കിനു ഭക്ഷ്യധാന്യം മാസംതോറും മിച്ചംവരുകയാണ്. റേഷന്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്നത് ഒഴിവാക്കാന്‍കൂടിയാണ് പൊതുവിഭാഗം കാര്‍ഡുകള്‍ക്ക് കൂടുതലായി നല്‍കുന്നത്.സംസ്ഥാനത്ത് നവംബറില്‍ 17.2 ലക്ഷം കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയിട്ടില്ല. ഡിസംബറിലും ഏതാണ്ട് ഇതുതന്നെയാണ് അവസ്ഥ. കോവിഡ് കാലത്ത് റേഷന്‍ വിതരണം ചില ഘട്ടങ്ങളില്‍ 98 ശതമാനത്തോളമെത്തിയിരുന്നു. അന്ന് പൊതുവിഭാഗത്തിന് രണ്ടുകിലോ അരിവീതമേ നല്‍കാനുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ റേഷന്‍ വിതരണം 85 ശതമാനത്തില്‍ താഴെയെത്തി.