കാബൂൾ: അഫ്ഗാനിലെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് തൊട്ടുമുമ്പ് വന്‍ സ്ഫോടനം. പ്രദേശത്തെ ഏറ്റവും വലിയ പള്ളിയായ ഗസര്‍ഗാഹ് മസ്ജിദിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തില്‍ പള്ളിയുടെ ഇമാം കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇമാമിനെ കൂടാതെ 14 പേര്‍ കൊല്ലപ്പെട്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആത്മീയപ്രഭാഷകനും താലിബാന്‍ അനുകൂലിയുമായ ഇമാം മുജീബ് ഉർ റഹ്മാൻ അൻസാരിയാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനം നടന്നതിന് ശേഷമുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തീപ്പൊരി പ്രസംഗങ്ങളിലൂടെ പേരുകേട്ട താലിബാൻ അനുകൂല പുരോഹിതനായിരുന്നു കൊല്ലപ്പെട്ട ഇമാം. താലിബാന്‍ സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്നവരെ തലവെട്ടണമെന്ന് ഇദ്ദേഹം ജൂലൈയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.