തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സുരക്ഷിതമായ ആഹാരം ഉറപ്പ് വരുത്തുന്നതിനാണ് ശ്രമിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യാനോ വില്‍ക്കാനോ പാടില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഷവര്‍മ തയ്യാറാക്കുന്നതിലും വില്‍ക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന ഹോട്ടലുകളും റസ്‌റ്ററന്റുകളും തെരുവ് ഭക്ഷണ കച്ചവടക്കാരും ഉള്‍പ്പെടെ എല്ലാവരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തിശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ഒരു സ്ഥാപനവും അനുവദിക്കില്ല. മാര്‍ഗനിര്‍ദേശങ്ങളില്‍ നിന്നും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അപ്പോള്‍ത്തന്നെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. എഫ്എസ്എസ് ആക്ട് പ്രകാരം ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ 5 ലക്ഷം രൂപ വരെ പിഴയോ ആറു മാസം തടവോ ലഭിക്കാം.