മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണാ റണാവത്ത് വേഷമിടുന്ന ചിത്രമാണ് എമർജൻസി. അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍മ്മാണവും കങ്കണയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിക്കുന്ന ബോളിവുഡ് താരം അനുപം ഖേർ, കങ്കണയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ്.
കങ്കണ ഒരു അസാധ്യ സംവിധായികയാണെന്ന് അദ്ദേഹം പറഞ്ഞു. ”ഞാൻ അടുത്തിടെ കങ്കണയുടെ ഒരു ചിത്രത്തിൽ പ്രവർത്തിച്ചു. അവർ മികച്ചൊരു സംവിധായികയാണ്. ഇടക്കിടെ എന്റെ ചെവിയിൽ കങ്കണ ചില നിർദ്ദേശങ്ങൾ മന്ത്രിക്കും, അത് എന്നെ അത്ഭുതപ്പെടുത്തും.” -അനുപം ഖേർ ആർജെ സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ”എപ്പോഴും ദയയും കൃപയുമുള്ളയാൾ” എന്നാണ് അനുപം ഖേറിന്റെ വാക്കുകളോട് കങ്കണയുടെ പ്രതികരണം.
ചിത്രത്തിന് വേണ്ടിയുള്ള കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് ‘എമർജൻസി’ നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയായുള്ള കങ്കണയുടെ മേക്കോവർ ശ്രദ്ധിക്കപ്പെട്ടിരുന്നു. കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രമാണിത്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സിയായിരുന്നു ആദ്യം സംവിധാനം ചെയ്‍ത ചിത്രം.
എന്നാൽ, ചിത്രത്തിന്റെ ഭൂരിഭാഗവും കൃഷ് ജഗര്‍ലമുഡിയാണ് സംവിധാനം ചെയ്തതെന്നും, അവസാന സമയത്ത് അദ്ദേഹത്തെ മാറ്റി കങ്കണ സ്വന്തം പേര് വെക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സോനു സൂദിന്റെ അടക്കം രംഗങ്ങൾ സിനിമയിൽ നിന്ന് കങ്കണ ഇടപെട്ട് നീക്കം ചെയ്തതും വിവാദമായിരുന്നു. വലിയ ബജറ്റിലൊരുക്കിയ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു.