കൊളംബോ: ബലാത്സംഗക്കേസിൽ പ്രതിയായ വിവാദ ആൾദൈവം നിത്യാനന്ദ ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോർട്ട്. തന്റെ ആരോഗ്യനില വഷളായതായി ചൂണ്ടിക്കാട്ടി കത്ത് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയുടെ പേരിലാണ് കത്ത്. നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സ ആവശ്യമാണെന്നും അതിനാല്‍ രാഷ്ട്രീയ അഭയം നല്‍കണമെന്നുമാണ് കത്തിന്‍റെ ഉള്ളടക്കം.
‘ശ്രീ നിത്യാനന്ദ പരമശിവത്തിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. കൈലാസത്തിൽ നിലവിൽ ലഭ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഉപയോഗിച്ച് ഡോക്ടർമാർക്ക് ഇപ്പോഴും അടിസ്ഥാന രോഗനിർണയം നടത്താൻ കഴിയുന്നില്ല. നിത്യാനന്ദയുടെ ആരോഗ്യം മനസ്സിൽ വച്ചുകൊണ്ട് രാഷ്ട്രീയ അഭയം ഉടൻ നൽകണമെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു’. നിത്യാനന്ദയെ എയർ ആംബുലൻസ് വഴി എയർലിഫ്റ്റ് ചെയ്യാനും ശ്രീലങ്കയിൽ സുരക്ഷിതമായി വൈദ്യസഹായം നൽകാനും കഴിയുമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
തന്റെ രാജ്യവുമായി നയതന്ത്ര ബന്ധം ആരംഭിക്കണമെന്നും നിത്യാനന്ദ ശ്രീലങ്കയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചികിൽസയുടെയും ഉപകരണങ്ങളുടെയും ചെലവ് ശ്രീകൈലാസം വഹിക്കുമെന്നും രാഷ്ട്രീയ അഭയം നൽകിയാൽ ശ്രീലങ്കയിൽ നിക്ഷേപം നടത്താമെന്നും കത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. നിത്യാന്ദയ്ക്കിടെ അടുത്തിടെ പീഡനക്കേസിൽ ബെംഗളൂരു രാമനഗര സെഷൻസ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. തെന്നിന്ത്യൻ നടിയായ രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് നടപടി. നിത്യാനന്ദയുടെ മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ ആണ് 2010 മാർച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടത്. കേസില്‍ നിത്യാനന്ദയ്ക്കെതിരെ കോടതി ഒട്ടേറെ സമൻസുകൾ പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ് പുറത്തിറക്കിയത്.
അതേസമയം യുഎസിൽ നിന്നുള്ള ഇന്ത്യൻ വംശജയെ 5 വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചെന്നുള്ള കേസിലും നിത്യാനന്ദയ്ക്കെതിരെ കർണാടക പൊലീസിന്റെ സിഐഡി വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ഇതിനെല്ലാം പുറമേ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നേരത്തേ ഇന്റർപോൾ നിത്യാനന്ദയ്ക്കെതിരെ ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. ഗുജറാത്തില്‍ നിന്നാണ് നിത്യാനന്ദ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന പരാതി ഉയര്‍ന്നത്. ഇക്വഡോറിലെ ദ്വീപ് വിലക്കുവാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ചിരിക്കുകയാണ് നിത്യാനന്ദ. സ്വന്തമായി പാസ്‌പോര്‍ട്ടും പതാകയും പുറത്തിറക്കി കൈലാസത്തെ രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ.